നാടിന്റെ ഓർമയിൽ പ്രതിഭ വരച്ചിട്ട് ശരൺ വിടവാങ്ങി
Mail This Article
തേഞ്ഞിപ്പലം ∙ ആംഗിൾ ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിൽ തന്റെ സർഗവിശേഷങ്ങൾ ഒന്നാകെ ബാക്കി വച്ച് വി.പി.ശരൺ കൃഷ്ണ (23) വിടവാങ്ങി. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ തൃശൂർ വലപ്പാടിനടുത്ത എടമുട്ടത്ത് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്നലെ രാവിലെ 9ന് ആയിരുന്നു അന്ത്യം. ഷോർട് ഫിലിം സംവിധായകനും നടനുമായിരുന്നു.
സ്കൂൾ പഠനക്കാലത്ത് കുട്ടിത്താരമായും തിളങ്ങി. ഫൊട്ടോഗ്രാഫിയിലും അസാധാരണ വൈഭവം പ്രകടിപ്പിച്ച പ്രതിഭയാണ്. അരങ്ങിനേക്കാൾ അണിയറയിൽ നിറഞ്ഞ് നിൽക്കാനായിരുന്നു പിൽക്കാലത്ത് മുൻഗണ. നിർഭയ എന്ന പേരിൽ അദ്ദേഹം സംവിധാനം ചെയ്ത ഷോർട് ഫിലിം കോഴിക്കോട് ഫിലിം സൊസൈറ്റിയും മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷനും ചേർന്ന് സംഘടിപ്പിച്ച ഫെസ്റ്റിവലിൽ 30 ഷോർട്ട് ഫിലിമുകളെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്. തേഞ്ഞിപ്പലം എയുപി സ്കൂളിലും ചേളാരി ജിവിഎച്ച്എസ്എസിലും പഠിക്കവെ ശരൺ കൃഷ്ണ സ്കൂൾ നാടകങ്ങളിലെ പതിവ് താരമായിരുന്നു. ജയിൻ യൂണിവേഴ്സിറ്റിയിൽ ഉപരി പഠനത്തിന് ചേർന്നതിൽ പിന്നെയാണ് ഹ്രസ്വ സിനിമയുടെ ലോകത്തേയ്ക്ക് കടന്നത്.
കോഴിക്കോട് സൈബർ പാർക്കിൽ യുഐ– യുഎക്സ് ഡിസൈനറായി ജോലിയിൽ പ്രവേശിച്ച ശേഷവും സമയം കണ്ടെത്തി കലാ രംഗത്ത് തുടരുകയായിരുന്നു. തിങ്കൾ രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തിയ ശേഷമാണ് ഇന്നലെ എറണാകുളത്തേയ്ക്കുള്ള യാത്രക്കിടെ മരണത്തിന് കീഴടങ്ങിയത്. വിദ്യ, ഇക്കച്ചക്ക, അവസ്ഥാ ത്രയം, സ്വഭൂപ, ബിബീഷ് തുടങ്ങി 15ലേറെ ഷോർട് ഫിലിമുകളുടെ സംവിധാനം നിർവഹിച്ചിട്ടുണ്ട്.