ADVERTISEMENT

ചമ്രവട്ടം ∙ ഭക്തിസാന്ദ്രമാകുന്ന മണ്ഡലകാല പുലരികളെ വരവേൽക്കാൻ മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന ചമ്രവട്ടം അയ്യപ്പക്ഷേത്രം ഒരുങ്ങി. ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിൽ ദർശനം നടത്താൻ അയൽസംസ്ഥാനങ്ങളിൽ നിന്നും വടക്കൻ മലബാറിൽ നിന്നും ദിവസവും നൂറുകണക്കിനു സ്വാമിമാരാണ് ഇവിടെയെത്താറുള്ളത്. ഇവർക്കുള്ള സൗകര്യങ്ങളെല്ലാം ദേവസ്വം ഒരുക്കിയിട്ടുണ്ട്. ഇവിടെ രാത്രി തങ്ങുന്നവർക്കായി സത്രം തയാറാണ്. 150 പേർക്കു വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നൂറിലേറെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന ഗ്രൗണ്ടും തയാറാണ്. 41 ദിവസവും രാവിലെ ക്ഷേത്രത്തിലെത്തുന്നവർക്കു പ്രഭാതഭക്ഷണം നൽകും. കുളിക്കാൻ ഭാരതപ്പുഴയിൽ കടവും ശുചിമുറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതേസമയം, കുളിക്കാനിറങ്ങുന്ന സ്ഥലത്തെ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നു ഭക്തർ ആവശ്യപ്പെടുന്നുണ്ട്. പുഴയിലിറങ്ങി കുളിക്കാൻ സാധിക്കാത്തവർക്കു ഷവർ സെറ്റ് സംവിധാനം ഒരുക്കണമെന്നും ആവശ്യമുണ്ട്. ക്ഷേത്രത്തിൽ നാളെ വൈകിട്ട് ദേശവിളക്കും ഭക്തിഗാനമേളയും നടക്കും.

ഇടത്താവളത്തിന് ശുപാർശ
∙ ചമ്രവട്ടം അയ്യപ്പക്ഷേത്രം ശബരിമല ഇടത്താവളമാക്കാനുള്ള ശുപാർശ സർക്കാരിനു നൽകിയതായി മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി പറഞ്ഞു. ഇനി സർക്കാരാണു തീരുമാനമെടുക്കേണ്ടത്. ഒന്നര ഏക്കർ സ്ഥലമെങ്കിലും വേണമെന്ന മാനദണ്ഡമുണ്ട്. ചമ്രവട്ടത്തു സ്ഥലമുണ്ടെങ്കിലും വയലുകളാണെന്നതാണു പ്രധാന പ്രശ്നമെന്നും മുരളി പറഞ്ഞു. പാലം വന്നശേഷം ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തെ ഇടത്താവളമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും വടക്കൻ മലബാറിൽ നിന്നും ശബരിമലയിലേക്കു പോകുന്ന ഭക്തർ പാലം വന്നതോടെ ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. ഇവർക്കു വിരി വയ്ക്കാനും മറ്റും ചമ്രവട്ടം ഇടത്താവളമാക്കിയാൽ സാധിക്കും. കുറ്റിപ്പുറം മിനി പമ്പ, എടപ്പാൾ ശുകപുരം എന്നിവിടങ്ങളിൽ ദേശീയപാത പണി നടക്കുന്നതിനാൽ ഇത്തവണ ഇടത്താവളമായി പരിഗണിച്ചേക്കില്ലെന്നതും ചമ്രവട്ടത്തിനുള്ള പ്രസക്തി കൂട്ടുന്നുണ്ട്. ഇവിടെനിന്നു പമ്പയിലേക്കു കെഎസ്ആർടിസി ബസ് വീണ്ടും തുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

English Summary:

This article details the preparations and significance of Chamravattom Ayyappa Temple during the Mandala season. It highlights the temple's facilities for pilgrims, the proposal to make it a stopover for Sabarimala devotees, and the potential impact of the Palam Bridge on pilgrim traffic.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com