മോഷ്ടിച്ച സ്കൂട്ടറിൽ വിലസിയ പ്രതിയെ സിസിടിവി ദൃശ്യം പിന്തുടർന്നു പിടികൂടി
Mail This Article
തേഞ്ഞിപ്പലം ∙ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചതോർക്കാതെ വ്യാജ നമ്പർ പ്ലേറ്റുള്ള സ്കൂട്ടറിൽ വിലസിയ മോഷണക്കേസ് പ്രതിയെ കോഴിക്കോട്ടുനിന്നു തേഞ്ഞിപ്പലം പൊലീസ് പിന്തുടർന്നു പിടികൂടി. കണ്ണമംഗലം സ്വദേശി മുഹമ്മദ് സ്വാലിഹ് (സാലി– 37) ആണു പിടിയിലായത്. പ്രതിയെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. മേലേ ചേളാരിയിലെ ഡിഎംഎസ് ആശുപത്രി വളപ്പിൽ നിർമാണഘട്ടത്തിലുള്ള കെട്ടിടത്തിൽ നിന്നു കഴിഞ്ഞമാസം 2 ലക്ഷം രൂപയുടെ വയറിങ്, പ്ലമിങ് വസ്തുക്കൾ പട്ടാപ്പകലെത്തി ചാക്കിലാക്കി സ്കൂട്ടറിൽ കടത്തിയെന്നാണു കേസ്.
സിസിടിവി ക്യാമറ ദൃശ്യം ലഭിച്ചെങ്കിലും ദിവസങ്ങളോളം പ്രതി ആരെന്ന കാര്യത്തിൽ പൊലീസിനു വ്യക്തത ഇല്ലായിരുന്നു. നൂറിലേറെ ദൃശ്യങ്ങൾ പരിശോധിച്ചിട്ടും പ്രതിയെ തിരിച്ചറിയാനാകാത്ത ഘട്ടത്തിൽ ക്യാമറ ദൃശ്യത്തിലെ ടീഷർട്ടും സ്കൂട്ടറിലെ വ്യാജ നമ്പറും പിന്തുടർന്നു പൊലീസ് അന്വേഷണം ദിശ മാറ്റിയതു വഴിത്തിരിവായി. ടീഷർട്ടും വ്യാജ നമ്പറിലുള്ള സ്കൂട്ടറും ഉപയോഗിച്ച് ഒരാൾ പലയിടത്തും തുടരെ കറങ്ങുന്നതു ബോധ്യപ്പെട്ട പൊലീസ് ആ വഴിക്കു നടത്തിയ അന്വേഷണത്തിലൊടുവിലാണു പ്രതിയെ കീഴടക്കിയത്.
കോപ്പർ എർത്ത് സ്ട്രിപ് ആണു പ്രതി പ്രധാനമായും ചേളാരിയിൽ നിന്ന് അപഹരിച്ചത്. കേബിൾ, ടാപ്, പൈപ്പ് തുടങ്ങിയവയും അപഹരിച്ചിട്ടുണ്ട്. കമ്പനി ജീവനക്കാരനാണെന്ന മട്ടിൽ സംസാരിച്ചാണു പ്രതി സംഭവദിവസം തൊട്ടടുത്ത പണിസ്ഥലത്തേക്കെന്നു ധരിപ്പിച്ചു സാധനങ്ങൾ ചാക്കിലാക്കി സ്കൂട്ടറിൽ മുങ്ങിയത്. കെട്ടിടത്തിലെ വയറിങ്, പ്ലമിങ് കരാർ ഏറ്റെടുത്ത നെഫ്‌സാൻ എൻജിനീയറിങ് കൺസ്ട്രക്‌ഷൻ കമ്പനിയുടെ സാമഗ്രികളാണ് അന്നു പ്രതി അപഹരിച്ചത്. ഡിഎംഎസ് ആശുപത്രി പിആർഒ എം.കെ.അബ്ദുൽ ഖാദറിന്റെ പരാതി അനുസരിച്ചാണു തേഞ്ഞിപ്പലം പൊലീസ് അന്വേഷണം നടത്തി പ്രതിയെ കുരുക്കിയത്.