വെള്ളയിൽ പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി; യൂസഫലി തേടിയെത്തി, വീടിന്റെ കടം വീട്ടി
Mail This Article
കോട്ടയ്ക്കൽ ∙ പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയപ്പോൾ മാപ്പിളപ്പാട്ട് കലാകാരൻ കെ.എം.കെ.വെള്ളയിലിന് അവിചാരിത സ്നേഹസമ്മാനമായി ലഭിച്ചതു രണ്ടര ലക്ഷം രൂപ. പ്രവാസി വ്യവസായിയായ എം.എ.യൂസഫലി നൽകിയ തുക ഉപയോഗിച്ചു വീടിന്റെ പേരിലുള്ള വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണു വെള്ളയിൽ. 60 വർഷമായി മാപ്പിളകലാ രംഗത്തുണ്ട് കെ.എം.കെ. വെള്ളയിൽ (78). ഏഴാം വയസ്സിൽ പാട്ടുപാടി തുടങ്ങിയതാണ്. ഫോക്‌ലോർ അക്കാദമി അവാർഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ അദ്ദേഹം ദീർഘകാലമായി കോട്ടയ്ക്കൽ ആട്ടീരിയിലാണു താമസം.
5 ദിവസം മുൻപാണു പാട്ട് സമൂഹമാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയത്. അബ്ദുൽകരീം കോലോംപാടമാണു വരികളെഴുതിയത്. പരമ്പരാഗത ഈണത്തിൽ വെള്ളയിൽ ചില മാറ്റങ്ങൾ വരുത്തിയതോടെ പാട്ട് ആകർഷകമായി. ജസ്‌ല വയനാടും ഷംസു കോട്ടയ്ക്കലുമാണ് ഒപ്പം പാടിയത്. യൂസഫലിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു പാട്ടിൽ പരാമർശമുണ്ട്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഗാനം ഹിറ്റായതോടെ പാട്ടൊരുക്കിയവരെക്കുറിച്ചു യൂസഫലി അന്വേഷിച്ചു. തുടർന്നു വെള്ളയിലിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.
രോഗബാധമൂലവും വീടുനിർമാണത്തിന്റെ പേരിൽ ബാങ്കുവായ്പ ഉള്ളതിനാലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കാര്യം വെള്ളയിൽ അറിയിച്ചതോടെയാണ് യൂസഫലി സഹായഹസ്തം നീട്ടിയത്. വെള്ളയിലിന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറുകയായിരുന്നു. ലഭിച്ച തുകയിൽ ഒരു വിഹിതം പാട്ടിന്റെ അണിയറ പ്രവർത്തകർക്കു നൽകാനും വെള്ളയിൽ തയാറായി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറിയാണു കെ.എം.കെ.വെള്ളയിൽ. അക്കാദമിക്കു കീഴിൽ മൂവായിരത്തി അഞ്ഞൂറോളം കുട്ടികളെ മാപ്പിളപ്പാട്ട് പഠിപ്പിച്ചിട്ടുണ്ട്. നിർധനരായ ഒട്ടേറെ വിദ്യാർഥികളെ സൗജന്യമായാണു പരിശീലിപ്പിക്കുന്നത്.