മുനമ്പം: സർക്കാർ പരിഹാരം കണ്ടില്ലെങ്കിൽ ലീഗ് മുൻകയ്യെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി
Mail This Article
മലപ്പുറം∙ മുനമ്പം വിഷയത്തിൽ രമ്യമായ പരിഹാരത്തിനു സർക്കാർ ഉടൻ ഇടപെട്ടില്ലെങ്കിൽ മുസ്‌ലിം ലീഗ് മുൻകയ്യെടുക്കുമെന്നു അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ബിഷപ്പുമാരുമായി ചർച്ച നടത്തും. സർക്കാർ ഇടപെട്ടു പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് എല്ലാ മുസ്‌ലിം സംഘടനകളും യോഗം ചേർന്നു തീരുമാനിച്ചതാണ്. മുനമ്പത്തെ താമസക്കാരെ കുടിയിറക്കരുതെന്ന നിലപാടിൽ എല്ലാവർക്കും യോജിപ്പാണ്. ഇതിനിടയിൽ സാമുദായിക ചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകൾക്കു മാധ്യമങ്ങൾ പ്രചാരം നൽകരുത്. മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിൽ നിർത്തി വർഗീയ ചേരിതിരിവിന് ഒരു കൂട്ടർ ശ്രമിക്കുകയാണ്. സർക്കാരിന്റെ തീരുമാനം വൈകുന്നതിനു നൽകേണ്ടിവരുന്നതു വലിയ വിലയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സാങ്കേതികത്വത്തിലേക്കു പോകാതെ മുനമ്പത്തു താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകയ്യെടുക്കണം. പഴയ ചരിത്രത്തിലേക്കു പോയാൽ ഏറ്റവും ബുദ്ധിമുട്ട് ഇടതുപക്ഷത്തിനാണ്. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു നിയോഗിച്ച നിസാർ കമ്മിഷന്റെ റിപ്പോർട്ടാണു പിന്നീട് ഉണ്ടായതിന്റെയെല്ലാം അടിസ്ഥാനം.
സർക്കാർ വിചാരിച്ചാൽ രമ്യമായി പരിഹരിക്കാവുന്ന പ്രശ്നമാണിത്. പിന്നെയെന്തിനാണു സാമുദായിക വേർതിരിവുണ്ടാക്കാൻ അവസരമൊരുക്കുന്നത്. നീണ്ടുപോകുന്നതുകൊണ്ടു സർക്കാരിനു ലാഭമുണ്ടോയെന്ന സംശയം ഉയരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്നം സർക്കാർ മുൻകയ്യെടുത്തു രമ്യമായി പരിഹരിക്കണമെന്ന നിലപാട് എല്ലാ മുസ്‌ലിം സംഘടനകളും ചേർന്നെടുത്തതാണ്. പ്രശ്ന പരിഹാരത്തിനുള്ള ഏറ്റവും നല്ല മാർഗം അതാണ്. ഓരോരുത്തരായി പ്രസ്താവനകൾ നടത്തുന്നതു സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ഏർപ്പാടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിലകൊടുത്തു ഭൂമി വാങ്ങിയവരെ ഒഴിപ്പിക്കരുത്: അബ്ദുസ്സമദ് പൂക്കോട്ടൂർ
മലപ്പുറം ∙ മുനമ്പത്തു വിലകൊടുത്തു ഭൂമി വാങ്ങിയവരെ ഒഴിപ്പിക്കുന്നതു ശരിയല്ലെന്നു എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.അവിടെ കുടിയേറ്റക്കാരും റിസോർട്ട് മാഫിയയുമുണ്ട്. റിസോർട്ട് മാഫിയയെയും കയ്യേറിയവരെയും ഒഴിപ്പിക്കണം. ഭൂമി വഖഫ് ആണോയെന്നു പറയേണ്ടത് രേഖകളാണ്, സമസ്തയല്ല. മറ്റൊരാളുടെ ഭൂമി പിടിച്ചടക്കി വഖഫ് ചെയ്യുന്നതു പാപമാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ നിലപാടു പറയേണ്ടത് മുശാവറയോ പ്രസിഡന്റോ മുതിർന്ന നേതാക്കളോ ആണ്. ഏതെങ്കിലും പൊതുസമ്മേളനത്തിൽ വിളിച്ചുപറയുകയല്ല വേണ്ടത്. സമസ്ത മുഖപത്രത്തിൽ വരുന്ന എല്ലാ ലേഖനങ്ങളും സംഘടനയുടെ അഭിപ്രായമല്ലെന്നു ജിഫ്രി തങ്ങൾ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഖാസി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യമല്ലെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.