ADVERTISEMENT

തിരൂർ ∙ വൃശ്ചികപ്പുലരിയും മണ്ഡല പുണ്യകാലവും പിറന്നു. ഇനി ഭക്തമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നത് ഒരേയൊരു മന്ത്രം മാത്രം – ശരണമയ്യപ്പാ..! കഠിന വ്രതത്തിന്റെ പുണ്യം നിറയുന്ന ഭക്തിസാന്ദ്രമായ 41 നാളുകളാണിനി. ദർശന സുകൃതം തേടി ശബരി മാമലയിലേക്കുള്ള യാത്രയ്ക്കു മാലയിട്ട് സ്വാമിമാർ ഒരുങ്ങുന്ന ദിനങ്ങൾ. ഭക്തരും ക്ഷേത്രങ്ങളുമെല്ലാം ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. 41 ദിവസവും ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. അയ്യപ്പൻ വിളക്കുകളും അഖണ്ഡനാമ പാരായണവുമുണ്ടാകും. കെട്ടുനിറ ചടങ്ങുകളും ക്ഷേത്രങ്ങളിൽ നടക്കും.

രാവിലെയും വൈകിട്ടും സ്വാമിമാർ ക്ഷേത്രങ്ങളിലെത്തി ശരണം വിളിക്കും. ദീപാരാധനയ്ക്കു ശേഷം കർപ്പൂരാഴികൾ കത്തിക്കും. ഇതെല്ലാമാകുമ്പോൾ ക്ഷേത്രങ്ങളിലെ അന്തരീക്ഷം തികച്ചും ഭക്തിസാന്ദ്രമാകും.വൃശ്ചികം ഒന്നും ശനിയാഴ്ചയും ഒത്തു വന്ന ഇന്ന് ക്ഷേത്രങ്ങളിൽ പുലർച്ചെയെത്തി നൂറുകണക്കിനു പേരാണ് മാലയിടുന്നത്. മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിൽ ഇന്നുമുതൽ വൻ തിരക്ക് അനുഭവപ്പെട്ടു തുടങ്ങും. ദൂരദേശങ്ങളിൽ നിന്നുപോലും ഇവിടെയെത്തി മാലയിട്ടു കെട്ടുനിറച്ച് ശബരിമലയിലേക്കു യാത്ര പുറപ്പെടുന്നവരുണ്ട്.മറ്റു സംസ്ഥാനങ്ങളിൽ നിന്നു നടന്നുപോകുന്ന സ്വാമിമാർ ഇവിടെയെത്തി  രാത്രി തങ്ങി പിറ്റേന്നാണു യാത്ര തുടരുന്നത്.

വള്ളിക്കുന്ന് നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രം, കാപ്പ് മണ്ണത്തുപ്പാടം അയ്യപ്പൻകാവ് ക്ഷേത്രം, തലക്കാട് അയ്യപ്പക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, തിരുനാവായ നവാമുകുന്ദ ദേവസ്വത്തിലെ അയ്യപ്പക്ഷേത്രം, തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, അരുകിഴായ മഹാദേവ ക്ഷേത്രം, മേലാക്കം കാളികാവ് ഭഗവതി ക്ഷേത്രം, മാണിക്യപുരം ക്ഷേത്രം, വണ്ടൂർ ശിവക്ഷേത്രം തുടങ്ങി ജില്ലയിലെ എല്ലാ ക്ഷേത്രങ്ങളിലും അയ്യപ്പന്മാർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മാലകളും കെട്ടുനിറയ്ക്കുള്ള സാധനങ്ങളുമൊരുക്കി പൂജാ സ്റ്റോറുകളും സജീവമായിട്ടുണ്ട്.

ജില്ലയിൽ ഇടത്താവളമില്ല; ചമ്രവട്ടം പരിഗണിക്കുന്നതിൽ തീരുമാനമായില്ല
തിരൂർ ∙ കുറ്റിപ്പുറം മിനി പമ്പയെ ഒഴിവാക്കിയതോടെ ജില്ലയിൽ ഇനി ശബരിമല ഇടത്താവളമില്ല. പകരം മലബാർ ദേവസ്വം ബോർഡ് ചമ്രവട്ടം അയ്യപ്പക്ഷേത്രത്തെ പരിഗണിക്കണമെന്ന ശുപാർശ നൽകിയിട്ടുണ്ടെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടുമില്ല. ഉത്തര മലബാറിൽ നിന്നുള്ള തീർഥാടകരും കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരും ശബരിമലയിലേക്ക് യാത്ര പോകുന്നത് ജില്ലയിലൂടെയാണ്. ദേശീയപാത വഴി പോകുന്നവരും ചമ്രവട്ടം വഴി പോകുന്നവരുമുണ്ട്.

ദൂരം കുറയ്ക്കാമെന്നതിനാൽ നിലവി‍ൽ ചമ്രവട്ടം വഴിയാണ് കൂടുതൽ ഭക്തർ കടന്നു പോകുന്നത്. നടന്നു പോകുന്നവരും തിരഞ്ഞെടുക്കുന്നത് ഈ വഴി തന്നെയാണ്. ഇതിനാൽ ചമ്രവട്ടത്ത് ഇടത്താവളം തുടങ്ങണമെന്ന ആവശ്യം ശക്തമാണ്. ഒന്നര ഏക്കർ സ്ഥലമെങ്കിലും കുറഞ്ഞതു വേണമെന്നതാണ് ഇതിനുള്ള മാനദണ്ഡങ്ങളിലൊന്ന്. അക്കാര്യത്തിൽ സാങ്കേതികമായ പ്രശ്നമുണ്ടെങ്കിലും ജലസേചന വകുപ്പും ഡിടിപിസിയും സഹായിച്ചാൽ ആ പ്രശ്നത്തിനു പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്നാണ് ഭക്തർ പറയുന്നത്.

English Summary:

As Vrishchikam arrives, devotees across Kerala prepare for the sacred Mandala Pilgrimage to Sabarimala. This article explores the rituals, chants, and spiritual significance of this 41-day pilgrimage dedicated to Lord Ayyappa.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com