ലഹരി വ്യാപനത്തിനു കാരണം ദുരഭിമാനം: എ.എൻ.ഷംസീർ
Mail This Article
കാഞ്ഞങ്ങാട് ∙ ലഹരി വ്യാപനത്തിനു കാരണം കുടുംബങ്ങളുടെ ദുരഭിമാനമെന്ന് സ്പീക്കർ എ.എൻ.ഷംസീർ. എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി.അബ്ദുൽ ഹക്കീം അസ്ഹരി നയിക്കുന്ന ‘മാനവസഞ്ചാരം’ കേരളയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടി ലഹരിയിൽ പെട്ടുപോയാൽ ആ വിവരം ബന്ധപ്പെട്ടവരുമായി പങ്കുവയ്ക്കാൻ രക്ഷിതാക്കൾ തയാറാകണം. വിദ്യാർഥികളിൽ ലഹരി വ്യാപിക്കുകയാണ്. കളിക്കളങ്ങൾ നാട്ടിലുണ്ടാക്കിയെടുക്കുകയാണ് പ്രധാന പരിഹാരം. പ്രാദേശികമായി അത്തരം ഇടങ്ങളൊരുക്കാൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ സംഘടനകൾക്ക് സാധിക്കും.
വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കണം. മുനമ്പം വിഷയത്തിൽ വർഗീയ ധ്രുവീകരണമാണ് ചിലർ ലക്ഷ്യം വയ്ക്കുന്നത്. പ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും പ്രതീക്ഷയെന്ന വികാരമാണ് ജനങ്ങളെ നയിക്കേണ്ടതെന്നും സ്പീക്കർ പറഞ്ഞു. സമസ്ത വൈസ് പ്രസിഡന്റ് കെ.എസ്.ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. കർണാടക ന്യൂനപക്ഷക്ഷേമ മന്ത്രി ബി.സെഡ്.സമീർ അഹമ്മദ് ഖാൻ, എംഎൽഎമാരായ എം.കെ.എം.അഷ്റഫ്, എൻ.എ.നെല്ലിക്കുന്ന്, സി.എച്ച്.കുഞ്ഞമ്പു, കെ.ചന്ദ്രശേഖരൻ, എം.രാജഗോപാൽ, റവ. ജേക്കബ് തോമസ്, ശിവഗിരിമഠം പ്രതിനിധി സ്വാമി പ്രേമാനന്ദ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, സയ്യിദ് ത്വാഹാ സഖാഫി, ഫിർദൗസ് സഖാഫി, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളംകോട് അബ്ദുൽ ഖാദർ മഅദനി എന്നിവർ പ്രസംഗിച്ചു. ഡിസംബർ ഒന്നിന് തിരുവനന്തപുരത്താണ് യാത്രയുടെ സമാപനം.