തപാൽ വകുപ്പ് സ്ഥലം കാടുകയറി; കാട്ടുപന്നികൾക്ക് താവളമായി
Mail This Article
എടക്കര ∙ നഗരമധ്യത്തിൽ തപാൽ വകുപ്പിന്റെ സ്ഥലം കാടുമൂടിയതോടെ കാട്ടുപന്നികൾ തമ്പടിക്കുന്നു. കാട് വെട്ടിമാറ്റാൻ തപാൽ വകുപ്പ് തയാറാകുന്നുമില്ല, നാട്ടുകാരെയോ സന്നദ്ധ സംഘടനകളെയോ ഇതിനു സമ്മതിക്കുന്നുമില്ല. കെഎൻജി റോഡരികിൽ മുസല്യാരങ്ങാടിക്കു സമീപത്തെ കാടുമൂടിയ സ്ഥലത്ത് ഇതുവരെ ഉഗ്രവിഷമുള്ള പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുകൾ മാത്രമായിരുന്നുവെങ്കിൽ ഈയിടെയാണ് കാട്ടുപന്നികളും വന്നുകൂടാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ സമീപത്തെ വീടുകളുടെ മുറ്റത്തേക്ക് ഇവിടെ നിന്ന് കാട്ടുപന്നികളെത്തിയിരുന്നു. വീട്ടുകാർ മുറ്റം വൃത്തിയാക്കുന്നതിനിടയിലാണ് പന്നികളെ കണ്ടത്. സ്ഥലത്തിന്റെ ചുറ്റുമതിൽ പലയിടത്തും തകർന്നു കിടക്കുന്നതിനാൽ കെഎൻജി റോഡിലേക്കും സമീപത്തെ സ്കൂൾകുന്നിലേക്കുള്ള റോഡിലേക്കും പാമ്പുകളും പന്നികളും ഇറങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാട് വെട്ടിമാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ തപാൽ വകുപ്പിനെ സമീപിച്ചത്. നടപടിയില്ലാതെ വന്നപ്പോൾ എവർ എടക്കര എന്ന സംഘടനയ്ക്കു കീഴിലുള്ള എമർജൻസി റെസ്ക്യൂ ഫോഴ്സ് ഇതിന് തയാറാണെന്നു കാണിച്ച് കത്തുനൽകി എന്നാൽ, ഒരു മാസം കഴിഞ്ഞിട്ടും ഇതിനുള്ള അനുമതി നൽകിയിട്ടില്ല.
പണി പൂർത്തിയാകാത്ത പകൽവീട് കെട്ടിടം കാടുമൂടി; സാമൂഹികവിരുദ്ധ ശല്യം കാരണം കുട്ടികൾക്കും ഭീഷണി
കാളികാവ്∙ കാടുമൂടി സ്രാമ്പിക്കലിലെ പകൽവീട്. 2022-23 വർഷത്തിൽ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ വകയിരുത്തിയാണ് ചോക്കാട് സ്രാമ്പിക്കലിൽ പകൽവീട് നിർമാണം തുടങ്ങിയത്. മുതിർന്ന പൗരൻമാരുടെ മാനസിക ഉല്ലാസം ലക്ഷ്യം വച്ചാണ് ത്രിതല പഞ്ചായത്തുകൾ പകൽവീട് നിർമിക്കുന്നത്. നിർമാണം പാതിയിൽ നിലച്ചതോടെ കെട്ടിടം കാടുമൂടി നശിക്കുകയാണ്. വൈകുന്നേരമായാൽ സാമൂഹിക വിരുദ്ധരുടെ ശല്യവുമുണ്ട്. പുല്ലങ്കോട് ഹയർസെക്കൻഡറി സ്കൂളിനു സമീപമുള്ള ആളൊഴിഞ്ഞ ഈ കെട്ടിടം കുട്ടികൾക്കും ഭീഷണിയായിരിക്കുകയാണ്.