കാട്ടുപന്നിശല്യം രൂക്ഷം; വെടിവെച്ച് കൊല്ലാൻ പള്ളിക്കൽ പഞ്ചായത്ത്
Mail This Article
പള്ളിക്കൽ ∙ വയലുകളിൽ കാട്ടുപന്നികളുടെ ശല്യം സഹിക്കവയ്യാതെ അവയെ വെടിവച്ച് കൊല്ലാൻ നിയമാനുസൃത മുൻകരുതലുകൾ കൈക്കൊള്ളാൻ പള്ളിക്കൽ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കർഷകർക്കു കനത്ത നാശമാണ് പന്നികൾ വരുത്തിവയ്ക്കുന്നത്. കപ്പ പറിച്ചു തിന്ന ശേഷം ബാക്കി ഉപേക്ഷിക്കുകയാണ്. പുത്തൂർ, ചെറള, തൃക്കോട്ട് പാടങ്ങളിലാണു ഏറ്റവും രൂക്ഷം. ചെറളയിൽ 8 കർഷകരുടെ ഒരേക്കറിലെ കപ്പയും വാഴയും നശിപ്പിച്ചു. തൃക്കോട്ടു പാടത്തും കൃഷി നാശം വ്യാപകം.
കുമ്മിണിപ്പറമ്പ് ഭാഗത്തെ കാടു കയറിയ പറമ്പാണു പന്നികളുടെ താവളം. രാത്രി കൂട്ടമായെത്തിയാണു നാശം വിതയ്ക്കുന്നത്. സ്ഥിരസമിതി അധ്യക്ഷൻ എ.ശുഹൈബ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കർഷകരുടെ രക്ഷയ്ക്കായി ഭരണ സമിതി തീരുമാനമെടുത്തത്. പ്രസിഡന്റ് സി.കെ.അബ്ബാസ്, വൈസ് പ്രസിഡന്റ് കെ.വിമല, പി.സി.അബ്ദുൽ ലത്തീഫ്, പഴേരി സുഹറ, എ.ശുഹൈബ്, കെ.അബ്ദുൽ ഹമീദ്, ചെമ്പാൻ മുഹമ്മദലി, ലത്തീഫ് കൂട്ടാലുങ്ങൽ, ജമാ ൽ കരിപ്പൂർ, കണ്ണനാരി നസീറ, പറമ്പൻ നീലകണ്ഠൻ, എൻ.പി.നിധീഷ് കുമാർ, കെ.ഇ.സിറാജ്, നിഷ എന്നിവർ പ്രസംഗിച്ചു.