‘മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്’; പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കണ്ട് സന്ദീപ് വാരിയർ
Mail This Article
മലപ്പുറം∙ മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതും മാനവസൗഹാർദത്തിന്റേതുമാണെന്നും അതിനു പിന്നിൽ കൊടപ്പനയ്ക്കൽ തറവാടിന്റെ പ്രയത്നം വളരെ വലുതാണെന്നും സന്ദീപ് വാരിയർ. കോൺഗ്രസിൽ ചേർന്നശേഷം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ എട്ടരയോടെ പാണക്കാട്ടെത്തിയ സന്ദീപിനെ ലീഗ് നേതാക്കളും പ്രവർത്തകരും ചേർന്നു സ്വീകരിച്ചു.
‘ഈ വീടിനു മുന്നിലൂടെ കടന്നുപോകുമ്പോൾ അദ്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ആർക്കും എപ്പോഴും സഹായം ചോദിച്ചുവരാവുന്ന വീടാണിത്. ഇനിയുള്ള പ്രയാണത്തിലും ഈ കുടുംബത്തിന്റെ സ്നേഹം ആവശ്യമാണ്. ഇത് എന്റെ ആദ്യ വരവാണ്. ഇനി എപ്പോഴും വരാനുള്ള സ്വാതന്ത്ര്യം കിട്ടിയെന്നാണു വിശ്വസിക്കുന്നത്’– സന്ദീപ് പറഞ്ഞു. ബിജെപിയിൽ ആയിരുന്നപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ മൂലം ഹൃദയവേദന ഉണ്ടായിട്ടുള്ളവരുണ്ട്. തങ്ങളുടെ അനുഗ്രഹം തേടിയുള്ള ഈ വരവ് അവരുടെ തെറ്റിദ്ധാരണകൾ മാറ്റട്ടെ എന്നും സന്ദീപ് പറഞ്ഞു.
കഴിഞ്ഞകാല നിലപാടുകൾ മാറ്റി മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും സൗഹാർദത്തിന്റെയും ഭൂമിയിലേക്കാണു സന്ദീപ് വാരിയർ കടന്നുവന്നിട്ടുള്ളതെന്നു സാദിഖലി തങ്ങൾ പറഞ്ഞു. ബിജെപിയാണ് അവസാന അഭയം എന്ന ചിന്താഗതിക്ക് അന്ത്യമായി എന്നതാണു സന്ദീപ് വാരിയരുടെ വരവിന്റെ രാഷ്ട്രീയ പ്രസക്തിയെന്നു മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപിന്റെ കാലമാണു വരുന്നതെന്നും അതിന്റെ തുടക്കം കേരളത്തിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഹാരിസ് ബീരാൻ എംപി, എംഎൽഎമാരായ യു.എ.ലത്തീഫ്, എൻ.ഷംസുദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
‘കൊല്ലാൻ സിപിഎം – ബിജെപി ഇന്നോവ വരുമെന്നു ഭയം’
തന്നെ കൊല്ലാൻ ഇന്നോവ വിടുന്നതു സിപിഎമ്മും ബിജെപിയും ചേർന്നായിരിക്കുമെന്നു ഭയപ്പെടുന്നുണ്ടെന്നു സന്ദീപ് വാരിയർ. അതിന്റെ ഡ്രൈവിങ് സീറ്റിൽ എം.ബി.രാജേഷ് ആണെങ്കിൽ ക്വട്ടേഷൻ കൊടുക്കുന്നതു കെ.സുരേന്ദ്രനായിരിക്കും.ഓഫറിന്റെ ഭാഗമായാണു വന്നതെങ്കിൽ ഓഫർ കിട്ടുന്നിടത്തേക്കു പോകാമായിരുന്നു. സംസ്ഥാനത്തും ദേശീയതലത്തിലും ഭരണം ഇല്ലാത്ത പാർട്ടിയിലേക്കു വന്നതു പൂർണമായും പ്രത്യയശാസ്ത്രപരമാണ്. ഇതുവരെയുള്ളതിൽ മനം മടുത്തിട്ടാണ്. കസേര ആഗ്രഹിച്ചാണു വന്നതെന്നു ചിലർ പറയുന്നു. പാണക്കാട് തങ്ങളുടെ കൂടെ ഇരിക്കാൻ കസേര കിട്ടിയതു തന്നെ വലിയ കാര്യമാണെന്നു സന്ദീപ് പറഞ്ഞു.