കരിപ്പൂരിൽ മോക്ഡ്രിൽ; ഒരുക്കിയത് അപകടത്തിൽപ്പെട്ട വിമാനം കത്തുന്നതും തുടർന്നുള്ള രക്ഷാപ്രവർത്തനവും
Mail This Article
കരിപ്പൂർ ∙ വിമാനാപകട രക്ഷാപ്രവർത്തന പരിശീലനത്തിന്റെ ഭാഗമായി കരിപ്പൂരിൽ മോക്ഡ്രിൽ നടത്തി. വിമാനം അപകടത്തിൽപ്പെട്ടാൽ സ്വീകരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചായിരുന്നു പരിശീലനം. ഫയർഫോഴ്സ്, സിഐഎസ്എഫ്, പൊലീസ്, വിമാനക്കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തി. വിമാനാപകടം നടന്ന പാലക്കാപറമ്പ് ഭാഗത്തായിന്നു അപകടം ക്രമീകരിച്ചിരുന്നത്. അപകടത്തിൽപ്പെട്ട വിമാനം കത്തുന്നതും തുടർന്നുള്ള രക്ഷാപ്രവർത്തനവുമാണ് ഒരുക്കിയത്.
കലക്ടർ വി.ആർ.വിനോദും പൊലീസ് മേധാവികളും സ്ഥലത്തെത്തി. മോക്ഡ്രിൽ വിജയകരമായി പൂർത്തിയാക്കിയ ശേഷം നടപടികൾ വിലയിരുത്തി. എയർപോർട്ട് ഡയറക്ടർ സി.വി.രവീന്ദ്രൻ, അഗ്നിശമന സേനാ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ ഇ.ഷൗക്കത്തലി, സിഐഎസ്എഫ് കമൻഡാന്റ് പ്രദീപ് വിശ്വകർമ, ഡപ്യൂട്ടി ജനറൽ മാനേജർ സുനിത വർഗീസ്, വിമാനക്കമ്പനി പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ ആശുപത്രികളിൽനിന്ന് ആംബുലൻസുകളും ട്രോമാ കെയർ പ്രവർത്തകരും മറ്റു സന്നദ്ധ പ്രവർത്തകരും പരിശീലനത്തിൽ പങ്കാളികളായി. വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ മോക്ഡ്രിൽ കാണാൻ സ്ഥലത്തെത്തിയിരുന്നു.