ചെമ്മാട് ദാറുൽഹുദാ റൂബി ജൂബിലി പ്രചാരണത്തിനു പ്രൗഢമായ തുടക്കം
Mail This Article
മലപ്പുറം ∙ ആത്മീയ, രാഷ്ട്രീയ നേതൃത്വങ്ങൾ തമ്മിലുള്ള ഐക്യവും യോജിപ്പുമാണു കേരളത്തിലെ മുസ്‌ലിം സമുദായം നേടിയ പുരോഗതിയുടെ അടിത്തറയെന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഉത്തരേന്ത്യയിലുൾപ്പെടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്ലാതിരുന്നത് ഈ ഐക്യമാണ്. അതിനെ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കരുതിയിരിക്കണമെന്നും തങ്ങൾ പറഞ്ഞു. ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി റൂബി ജൂബിലി പ്രചാരണവും നേതൃസ്മൃതി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പു കാലത്ത് ഈ ഐക്യത്തെ ചെറുതാക്കി കാണാനുള്ള ശ്രമമുണ്ടായി. സമൂഹം ബുദ്ധിപൂർവം അതിനോടു പ്രതികരിച്ചു. ദേശീയതലത്തിൽ മതനിരപേക്ഷ ശക്തികൾ ഒന്നിച്ചു നിന്നതിന്റെ ഗുണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടു. മുനമ്പത്തെ താമസക്കാരെ ഒഴിപ്പിക്കരുതെന്ന നിലപാടാണ് എല്ലാവർക്കുമുള്ളത്. പ്രശ്നം സമൂഹത്തിലെ സൗഹാർദം തകർക്കുന്ന രീതിയിലേക്കുള്ള വളരരുതെന്നാഗ്രഹിച്ചാണ് ഇടപെട്ടത്.ക്രിസ്ത്യൻ മതമേലധ്യക്ഷന്മാർക്കും ഇതേ നിലപാടാണ്. ഇനി ഇടപെടേണ്ടതു സർക്കാരാണെന്നും വൈകാതെ പ്രശ്നത്തിനു പരിഹാരം കാണണമെന്നും തങ്ങൾ പറഞ്ഞു.
ദാറുൽഹുദാ വൈസ് ചാൻസലർ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, പാണക്കാട് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, പി.വി അബ്ദുൽ വഹാബ് എംപി, ഹൈദർ ഫൈസി പനങ്ങാങ്ങര, സി.കെ.അബ്ദുറഹ്‌മാൻ ഫൈസി അരിപ്ര, ദാറുൽഹുദാ ജന. സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി, കെ.എം.സൈദലവി ഹാജി, പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ, ബി.എസ്.കെ.തങ്ങൾ, മൊയ്തീൻ ഫൈസി പുത്തനഴി, അബ്ദുറഹ്‌മാൻ ഫൈസി പാതിരമണ്ണ, അബ്ദുൽ ഗഫൂർ ഖാസിമി, ളിയാഉദ്ദീൻ ഫൈസി, സി.യൂസുഫ് ഫൈസി, കെ.എ.റഹ്മാൻ ഫൈസി, ഹസൻ സഖാഫി പൂക്കോട്ടൂർ, അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, ഹംസ ഹാജി, സലീം എടക്കര, ശാഹുൽ ഹമീദ്, ഹുസൈൻ മുസല്യാർ പൂക്കോട്ടൂർ, അബ്ദു റഹ്മാൻ പരുവമണ്ണ, അബ്ദുൽ ഖാദിർ ഫൈസി തുടങ്ങിയവർ പ്രസംഗിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ, നൗഷാദ് മണ്ണിശ്ശേരി, സുബൈർ ഹുദവി ചേകനൂർ എന്നിവർ ദാറുൽഹുദാ സ്ഥാപക നേതാക്കളെ അനുസ്മരിച്ചു.
വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമം കരുതിയിരിക്കണം: സാദിഖലി തങ്ങൾ
മലപ്പുറം∙ പ്രസംഗങ്ങളിലൂടെയാണെങ്കിലും പരസ്യങ്ങളിലൂടെയാണെങ്കിലും വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. പാലക്കാട് ചിലർ പരീക്ഷിക്കാൻ ശ്രമിച്ചത് അതാണ്. പാലക്കാട്ടെ വോട്ടർമാർ ബുദ്ധിയുള്ളവരായതിനാൽ ആ ശ്രമം വിലപ്പോകില്ല. വോട്ടുകൾ ഭിന്നിക്കുമ്പോൾ അതിന്റെ ഗുണം ഇടതുപക്ഷമുൾപ്പെടെയുള്ള മതനിരപേക്ഷ പാർട്ടികൾക്കല്ല, ഫാഷിസ്റ്റ് ശക്തികൾക്കാണു ലഭിക്കുന്നത്. അറിഞ്ഞുകൊണ്ടു ചില ചെയ്തികൾ ചെയ്തു പോകുകയാണ്.അതിനെ വിമർശിക്കാതിരിക്കാൻ കഴിയില്ല. അത്തരം ദുശ്ശീലങ്ങളിൽനിന്നു എല്ലാവരും മാറിനിൽക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ചെമ്മാട് ദാറുൽ ഹുദാ യൂണിവേഴ്സിറ്റി റൂബി ജൂബിലി പ്രചാരണവും നേതൃസ്മൃതി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.
ഭിന്നിപ്പുണ്ടാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമം കേരളത്തിലും: കുഞ്ഞാലിക്കുട്ടി
മലപ്പുറം∙ മതനിരപേക്ഷ ചേരിയിൽ ഭിന്നിപ്പുണ്ടാക്കി അതിൽനിന്നു നേട്ടം കൊയ്യാനുള്ള ശ്രമം കേരളത്തിൽ പോലും നടക്കുന്നുവെന്നു മുസ്‌ലിം ലീഗ് അഖിലേന്ത്യ ജന. സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. ബിജെപി ജയിച്ചാലും തരക്കേടില്ലെന്ന നിലപാടെടുക്കുകയാണ് ചിലർ. ഇത്തരം ശ്രമങ്ങൾക്കെതിരെ എല്ലാവരും കരുതിയിരിക്കണം. എല്ലാവരും യോജിച്ചു മതനിരപേക്ഷ കാഴ്ചപ്പാടോടെ മുന്നോട്ടു പോയപ്പോഴാണ് എല്ലാ പുരോഗതിയുമുണ്ടായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെമ്മാട് ദാറുൽഹുദാ യൂണിവേഴ്സിറ്റി റൂബി ജൂബിലി പ്രചാരണോദ്ഘാടന, നേതൃസ്മൃതി സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.