മണ്ണട്ടംപാറ അണക്കെട്ട് പൊളിച്ച് പണിയൽ പദ്ധതി; വർഷങ്ങളായി ഫയലിൽ ഇഴയുന്നു
Mail This Article
തിരൂരങ്ങാടി ∙ മണ്ണട്ടംപാറ അണക്കെട്ട് പൊളിച്ച് പണിയാനുള്ള പദ്ധതി വർഷങ്ങളായി ഫയലിൽ ഇഴയുന്നു. അണക്കെട്ടിന് 66 വയസ്സായി. പ്രായാധിക്യത്തിന്റെ അവശതകൾ വർഷങ്ങളായി തുടരുന്നു. വേനലിൽ ചോർച്ച കാരണം ഉപ്പ് വെള്ള ഭീഷണി പലപ്പോഴും തുടരുന്നതും പ്രശ്നം. പതിറ്റാണ്ടുകൾക്കിടെ പലപ്പോഴായി അറ്റകുറ്റപ്പണി നടത്തി ലക്ഷക്കണക്കിന് രൂപ പൊടിച്ചു. ഇനി പൊളിച്ച് പണിയാതെ ശാശ്വത പരിഹാരം ഇല്ലെന്ന നിലപാടിലാണ് ബന്ധപ്പെട്ടവരുള്ളത്. റഗുലേറ്റർ കം ബ്രിജ് ആണ് നിലവിൽ പരിഗണിക്കുന്നത്. അതിന് 100 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് നിഗമനം. ഇത്രയും തുക മുടക്കാൻ തിടുക്കപ്പെട്ട് സർക്കാർ തയാറല്ലെന്നതിനാലാണ് വർഷങ്ങളായി പദ്ധതി ഫയലിൽ തുടരുന്നത്.
2021ൽ സാധ്യതാ പഠനം പൂർത്തിയായതാണ്. പാലക്കാട് വാട്ടർ റിസോഴ്സസ് ഡിവിഷൻ വിദഗ്ധർ ഇൻവെസ്റ്റിഗേഷൻ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ട് കാലമേറെയായി. പി.അബ്ദുൽ ഹമീദ് എംഎൽഎ പദ്ധതി മന്ദഗതിയിലായതിനെതിരെ നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചതിനെ തുടർന്നാണ് മണ്ണ് പരിശോധനാ നടത്തിയത്. റഗുലേറ്റർ നിർമിച്ചാൽ ജലവിതാനം ഏതൊക്കെ മേഖലയെ എങ്ങനെയൊക്കെ ബാധിക്കുമെന്നത് സംബന്ധിച്ച സർവേ ഇന്നോളം നടത്തിയിട്ടില്ല. അതിന് 4 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകിയിട്ടുണ്ട്. വാട്ടർ റിസോഴ്സസ് ഡിവിഷൻ നേരിട്ടാണ് സർവേ നടത്തേണ്ടത്. മുൻകൂർ പണം കിട്ടാതെ അവർക്ക് ടോപ്പോഗ്രഫിക്കൽ സർവേ നടത്താനാകില്ല.
സർവേ റിപ്പോർട്ട് ലഭിച്ച ശേഷമേ ഡിസൈനിങ്ങും പ്രൊജക്ട് റിപ്പോർട്ടും തയാറാക്കി നൽകാനാകൂ. അതിന് ശേഷമേ റഗുലേറ്റർ കം ബ്രിജിന്റെ എസ്റ്റിമേറ്റ് സമർപ്പിച്ച് അനുമതികൾ വാങ്ങി സർക്കാർ പണം അനുവദിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടികളിലേക്ക് കടക്കാനാകൂ. വള്ളിക്കുന്ന്, മൂന്നിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് അണക്കെട്ടുള്ളത്. ഇരുകരകളിലും നിലവിലുള്ള റോഡുകളുമായി ബന്ധിപ്പിച്ചാണ് റഗുലേറ്റർ കം ബ്രിജ് പരിഗണിക്കുന്നത്. കടലുണ്ടിപ്പുഴയിൽ വേനലിൽ കൃഷിക്കും ജല പദ്ധതികൾക്കും കടലുണ്ടിപ്പുഴയിലെ വെള്ളം വിനിയോഗിക്കുന്ന പതിനായിരങ്ങൾക്ക് മണ്ണട്ടംപാറ അണക്കെട്ട് പൊളിച്ച് പണിതില്ലെങ്കിൽ ഭാവിയിൽ പണിയാകും. പുഴയിൽ ഉപ്പ് വെള്ളം കയറിയാൽ ജീവിതം തന്നെ കഷ്ടത്തിലാകുമെന്നതാണ് അവസ്ഥ.
ആലിൻ കടവ് റഗുലേറ്റർ അനിശ്ചിതത്വത്തിൽ
തേഞ്ഞിപ്പലം ∙ കടക്കാട്ടുപാറ ആലിൻ കടവ് റഗുലേറ്റർ പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തിൽ. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 49 കോടി രൂപ വേണം.സർക്കാരിന്റെ പക്കൽ അതെടുക്കാനില്ല. മുൻപ് ഇരുമ്പോത്തിങ്ങൽ കടവിൽ റഗുലേറ്റർ കം ബ്രിജ് പണിയാൻ 36 കോടി രൂപയുടെ ഭരണാനുമതി നൽകിയെങ്കിലും അവിടം യോജ്യമല്ലെന്ന റിപ്പോർട്ടിനെ തുടർന്ന് ആലിൻകടവ് പരിഗണിക്കുകയായിരുന്നു.പക്ഷേ എസ്റ്റിമേറ്റ് സംഖ്യ ഉയർന്നത് തിരിച്ചടിയായി. മണ്ണട്ടംപാറ അണക്കെട്ടിന് പടിഞ്ഞാറ് ഏതാണ്ട് 12 കിലോമീറ്ററിൽ പുഴയിൽ ഇപ്പോൾ ഉപ്പ് വെള്ളമുള്ളത് ആലിൻകടവിൽ റഗുലേറ്റർ വന്നാൽ ഒഴിവാകും.ഇപ്പോൾ മണ്ണട്ടംപാറ അണക്കെട്ടിനെ ആശ്രയിച്ച് ശുദ്ധജലം വിനിയോഗിക്കുന്ന കിഴക്കൻ മേഖലയിലുള്ളവർക്കും പരിധി വരെ ആലിൻ കടവ് റഗുലേറ്ററും സഹായകമാകും.