മുന്നറിയിപ്പുമായി വ്യാപാരി സമരം ‘കോട്ടപ്പടി മാർക്കറ്റ് നവീകരിക്കണം’
Mail This Article
മലപ്പുറം∙ കോട്ടപ്പടി മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി അഞ്ചു വർഷമായി കുടിയിറക്കപ്പെട്ട വ്യാപാരികളെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്നും മാർക്കറ്റ് നിർമാണം പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പൽ യൂണിറ്റ് കമ്മിറ്റി നഗരസഭാ ഓഫിസിലേക്കു മാർച്ചും ഓഫിസിനു മുൻപിൽ സത്യഗ്രഹവും നടത്തി.ജില്ലാ പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. മാർക്കറ്റിന്റെ പണിപൂർത്തിയാകാത്ത സാഹചര്യത്തിൽ ഒട്ടേറെ തവണ നഗരസഭാ അധികൃതരുമായി വ്യാപാരികൾ ചർച്ച നടത്തിയിട്ടും വ്യാപാരികൾക്ക് നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് സമരമെന്നും ഇത് നഗരസഭ കണ്ടില്ലെന്നു നടിച്ചാൽ ജില്ലയിലെ മുഴുവൻ വ്യാപാരികളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മാർക്കറ്റ് പൊളിച്ച് 2021 ഫെബ്രുവരിയിലാണ് നിർമാണം തുടങ്ങിയത്. എന്നാൽ ഡിസംബറോടെ നിർമാണം നിർത്തിവയ്ക്കുകയും ചെയ്തു.നഗരസഭാ അധികൃതരും വ്യാപാരി വ്യവസായി ഏകോപന സമിതിയും കരാറുകാരും കൂടി തീരുമാനിച്ചതനുസരിച്ച് ഡിപിആർ പ്രകാരമുള്ള ജോലികൾ പൂർത്തീകരിക്കുന്നതിനു മുൻപായി നിലവിൽ സ്ട്രക്ചർ ആയ കെട്ടിടം അടിയന്തരമായി കച്ചവട യോഗ്യമാക്കി താൽക്കാലികമായി കച്ചവടങ്ങൾക്ക് സൗകര്യമൊരുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
മുനിസിപ്പൽ യൂണിറ്റ് പ്രസിഡന്റ് നൗഷാദ് കളപ്പാടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുജീബ് ആനക്കയം, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, ആര്യവൈദ്യ ഫാർമസി ഏജൻസി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം.നാരായണൻകുട്ടി, എകെജിഎസ്എഎം സംസ്ഥാന വർക്കിങ് പ്രസിഡന്റ് സഹാറ അയമു ഹാജി, കെവിവിഇഎസ് വടക്കേമണ്ണ യൂണിറ്റ് പ്രസിഡന്റ് എച്ച്.എം.എസി.റഫീഖ്, എകെഡിഎ അയൂബ്, ഒ.പി.എം.അബൂബക്കർ തങ്ങൾ, സജീർ മലബാർ, ഹമീദ് ആനക്കയം, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് താജുദ്ദീൻ, യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് എം.പി.സിദ്ദീഖ്, വനിതാ വിങ് പ്രസിഡന്റ് ഹഫ്സത്ത് മണ്ണിശ്ശേരി, അറഫ മാനു, പരി ഉസ്മാൻ, എ.പി.ഹംസ, സൈഫുദ്ദീൻ, സിദ്ദീഖ് കോഡൂർ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി നാസർ ടെക്നോ ഉദ്ഘാടനം ചെയ്തു. അക്രം ചുണ്ടയിൽ, യൂണിറ്റ് ട്രഷറർ ടി.ടി.സെയ്ത് ഗൾഫ് കലക്‌ഷൻസ് എന്നിവർ പ്രസംഗിച്ചു.