ജില്ലയിലെ വിദ്യാർഥികൾക്ക് കുതിരസവാരിക്ക് വഴിയൊരുങ്ങുന്നു
Mail This Article
പെരിന്തൽമണ്ണ∙ ജില്ലയിലെ വിദ്യാർഥികൾക്ക് ഇനി കുതിര സവാരിക്കൊരുങ്ങാം. രാജസ്ഥാനിൽനിന്നു കഴിഞ്ഞ ദിവസം അങ്ങാടിപ്പുറത്തെത്തിയത് ലക്ഷണമൊത്ത 30 കുതിരകൾ. രാജസ്ഥാനിൽ നടക്കുന്ന പുഷ്‌കർമേളയിൽനിന്നു പ്രവാസി വ്യവസായിയും മൃഗസ്‌നേഹിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാർ ആണു കുതിരകളെ സ്വന്തമാക്കിയത്. രാജസ്ഥാനിൽനിന്ന് അനിമൽ ആംബുലൻസിലാണു കുതിരകളെ നാട്ടിലെത്തിച്ചത്. കുതിരകളെ സമൂഹത്തിന് മുഴുവൻ ഉപകാരപ്രദമാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. സ്‌കൂളുകളുമായി അടുത്ത ദിവസങ്ങളിൽ ഇതു സംബന്ധിച്ചു ചർച്ച നടത്തും. വിദ്യാർഥികൾക്കു കുതിരസവാരിക്കു സൗകര്യമൊരുക്കുകയാണു ലക്ഷ്യം.
ചെറുപ്പകാലം മുതലേ കുതിരപ്രേമിയാണു വിഘ്നേഷ്. ഇന്ത്യയിലെ ഇൻഡിജനസ് ഹോഴ്സ് സൊസൈറ്റി കമ്മിറ്റിയിലെയും അറേബ്യൻ ഹോഴ്സ് സൊസൈറ്റിയിലെയും അംഗമായ ഏക മലയാളിയാണ്. 70 കുതിരകൾ നിലവിൽ വിഘ്നേഷിനു സ്വന്തമായുണ്ട്. കുതിരകളെ മീൻകുളത്തിക്കാവ് ക്ഷേത്രത്തിലെത്തിച്ച ശേഷമാണു ഫാമിലേക്കു കൊണ്ടുപോയത്. നേരത്തേ ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച വാഹനം ലേലത്തിനെടുത്തും ക്ഷേത്രത്തിനു പുതിയ മുഖമണ്ഡപം സമർപ്പിച്ചും വിഘ്നേഷ് വിജയകുമാർ ശ്രദ്ധേയനായിരുന്നു.