ADVERTISEMENT

മേലാറ്റൂർ ∙ റോഡ് പൊളിച്ചിടത്ത് പൊടിശല്യം. മറ്റു ചിലയിടങ്ങളിൽ പെരുങ്കുഴികൾ. മേലാറ്റൂർ മുതൽ ഒലിപ്പുഴ വരെ സംസ്ഥാന പാതയിൽ ഗതാഗതം കഠിനം. മേലാറ്റൂർ റെയിൽവേ ഗേറ്റിന്റെ ഇരുഭാഗവും ഗോൾഡൻ സിറ്റി, ചോലക്കുളം സ്കൂൾപടി എന്നിവിടങ്ങളിലുമാണ് കുഴികൾ നികത്താൻ റോഡ് പൊളിച്ച് നിരപ്പാക്കിയിരുന്നത്. ഇവിടങ്ങളിൽ ഒരു വാഹനം പോയാൽ പിന്നെ പൊടിപൂരമായി മാറുകയാണ്. മറ്റിടങ്ങളിൽ വലിയ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചിരുന്നു. മഴസമയമായതിനാൽ കോൺക്രീറ്റ് ചെയ്തത് പലയിടത്തും വേണ്ട പോലെയായില്ല.  അടച്ച ഭാഗം കോൺക്രീറ്റ് നീങ്ങിയും ചിലയിടത്ത് കുഴിഞ്ഞും കിടക്കുകയാണ്.ഇതു ചില ഭാഗത്ത് ചതിക്കുഴിയായി മാറിയിട്ടുണ്ട്.

ചെറിയ വാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്. പുലാമന്തോൾ - മേലാറ്റൂർ സംസ്ഥാന പാതയിൽ 38 കിലോമീറ്ററാണ് നവീകരണം നടത്തുന്നത്. ഒന്നര വർഷം കൊണ്ടു തീർക്കേണ്ട പ്രവൃത്തി പല കാരണങ്ങളാലും മൂന്നു വർഷത്തിലേറെയായി നീണ്ടു. കരാറുകാരുടെ അലംഭാവത്തിൽ പണി തീർക്കാൻ മരാമത്ത് കർശന നടപടി സ്വീകരിച്ചിരുന്നു. ഒക്ടോബർ മാസം18ന് അകം തകർന്ന ഭാഗങ്ങൾ ഗതാഗത യോഗ്യമാക്കാൻ സർക്കാർ നിർദേശിച്ചതായിരുന്നു.

മേലാറ്റൂർ–പുലാമന്തോൾ റോഡ് പണി മുടങ്ങിയത്പരിശോധിച്ചു
പെരിന്തൽമണ്ണ ∙ സംസ്ഥാന പാതയുടെ ഭാഗമായ മേലാറ്റൂർ–പുലാമന്തോൾ റോഡിന്റെ നിർമാണ സ്‌തംഭനവുമായി ബന്ധപ്പെട്ട് മരാമത്ത് ക്വാളിറ്റി വിഭാഗം ഉദ്യോഗസ്ഥർ റോഡിൽ പരിശോധന നടത്തി. ആക്‌ഷൻ കമ്മിറ്റി ഇതു സംബന്ധിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധനക്കെത്തിയത്. 4 വർഷത്തോളമായി റോഡിന്റെ പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്. നിർമാണ സ്തംഭനത്തെ തുടർന്ന് 2 തവണ നീക്കം ചെയ്ത കമ്പനിക്ക് തന്നെ വീണ്ടും നിർമ‍ാണച്ചുമതല കൈമാറിയെങ്കിലും പണി വീണ്ടും സ്‌തംഭിച്ച മട്ടാണ്. നവംബർ 18ന് അകം കട്ടുപ്പാറ മുതൽ പുളിങ്കാവ് വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കുമെന്ന് കമ്പനി ഉറപ്പു നൽകിയിരുന്നതാണ്.

ഇത് പാലിക്കപ്പെട്ടില്ല.  മാത്രമല്ല ഇതുവരെ പൂർത്തീകരിച്ച പ്രവൃത്തിയെക്കുറിച്ചും വലിയ  പരാതി ഉണ്ട്. ഈ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. പിഡബ്ലിയുഡി ക്വാളിറ്റി വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ധന്യ, അസി. എൻജിനീയർ അരുൺ എന്നിവരാണ് പരിശോധന നടത്തിയത്. കെഎസ്‌ടിപി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ രതീഷ് കുമാറും സ്ഥലത്തെത്തിയിരുന്നു. ആക്‌ഷൻ കൗൺസിൽ ജന. കൺവീനർ ഷാജി കട്ടുപ്പാറ, പുലാമന്തോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ചന്ദ്രമോഹനൻ, ആരിഫ് ടിഎൻ പുരം എന്നിവരും എത്തിയിരുന്നു.

English Summary:

Commuters struggle with severe dust pollution & dangerous potholes on the Melattur-Olippuza road. Read about the delayed construction, PWD investigation, & demands for accountability.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com