ADVERTISEMENT

വണ്ടൂർ∙ അന്തർസംസ്ഥാന മോഷ്ടാവ് എടവണ്ണ പെരകമണ്ണ വെള്ളാട്ടുചോല റഷീദ് (കട്ടർ റഷീദ് - 50) അറസ്റ്റിൽ. വണ്ടൂർ പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്നാണു പിടികൂടിയത്. കഴിഞ്ഞ 12നു പുലർച്ചെ വണ്ടൂർ മഞ്ചേരി റോഡിലുള്ള വ്യാപാരസ്ഥാപനത്തിൽനിന്നു 52,000 രൂപ മോഷണം നടത്തിയത് ഇയാളാണെന്നു പൊലീസ് പറഞ്ഞു. 2 ദിവസം മുൻപു കൂടത്തായിയിൽനിന്നു മോഷ്ടിച്ച ബൈക്കിൽ എത്തിയപ്പോഴാണു പ്രതി പിടിയിലായത്. കൈവശമുണ്ടായിരുന്ന ബാഗിൽ കമ്പിപ്പാരയും കയ്യുറകളും മറ്റൊരു നമ്പർ പ്ലേറ്റും മോഷണത്തിനുപയോഗിക്കാനുള്ള സാമഗ്രികളും ഉണ്ടായിരുന്നു.

വണ്ടൂരിലെ കടയിൽനിന്നു സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മുഖം മറച്ചിരുന്നതിനാൽ പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്നു പൊലീസ് ഇൻസ്പെക്ടർ കെ.സലീമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റ് നിലവിലുണ്ടെന്നും കടകൾ, വീടുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയവ കുത്തിത്തുറന്നു മോഷണം നടത്തിയ കേസുകളിൽ ഇയാൾ നേരത്തേയും പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

വൈത്തിരി ജയിലിൽനിന്ന് ഒരുമാസം മുൻപാണു മോചിതനായത്. മോഷ്ടിച്ച ബൈക്കിൽ പകൽ കറങ്ങി നടന്നു വീടുകളും കടകളും കണ്ടുവച്ചു രാത്രി മോഷണം നടത്തുന്നതാണു പ്രതിയുടെ രീതി. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിഐയെ കൂടാതെ എസ്ഐ കെ.അബ്ദുൽ സമദ്, സീനിയർ സിപിഒ അനൂപ് കൊളപ്പാട്, അനൂപ്, ജയേഷ് എന്നിവരും ഡാൻസാഫ് അംഗങ്ങളായ എൻ.ടി.കൃഷ്ണകുമാർ, എൻ.പി.സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിൻ ദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

English Summary:

An interstate thief identified as Kattar Rashid was arrested in Vandur, Kerala for his involvement in multiple thefts. The arrest was made possible through a joint operation conducted by the Vandur police and the Nilambur DANSAF team. Rashid, known for targeting shops, homes, and petrol pumps, was found in possession of stolen goods and tools used for break-ins.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com