കാലിക്കറ്റിന്റെ ബൂസ്റ്റർ പമ്പ് ഹൗസ് ഇനി ഓർമ; ദേശീയപാത വികസിപ്പിക്കാൻ കെട്ടിടം പൊളിച്ച് നീക്കുന്നു
Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയുടെ ചേളാരി ബൂസ്റ്റർ പമ്പ് ഹൗസ് ഇനി ഓർമ. എൻഎച്ച് വികസിപ്പിക്കാൻ കെട്ടിടം പൊളിച്ച് നീക്കുകയാണ്. യൂണിവേഴ്സിറ്റി ക്യാംപസിലേക്കു മൂന്നിയൂർ പാറക്കടവിൽ നിന്ന് ഇന്നലെ നേരിട്ട് പമ്പിങ് തുടങ്ങി. ഇതുവരെ പാറക്കടവിൽ നിന്നു പമ്പ് ചെയ്ത് ചേളാരി പമ്പ് ഹൗസിലെത്തിച്ചാണ് വെള്ളം ക്യാംപസിൽ വിതരണം ചെയ്തിരുന്നത്. എൻഎച്ചിന് സ്ഥലം ആവശ്യമായി വന്നതോടെയാണു കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്. ആദ്യ ഘട്ടത്തിൽ ഭൂഗർഭ പൈപ്പ് ലൈൻ മാറ്റി. എൻഎച്ച് വികസനത്തിനു ഭൂമി നൽകിയതിനു പകരം സർക്കാർ 8 കോടി അനുവദിച്ചതനുസരിച്ച് എൻഎച്ച് നിർമാണ കരാർ കമ്പനിയാണ് പൈപ്പിടൽ പൂർത്തിയാക്കിയത്.
പാറക്കടവിൽ 100 എച്ച്പി മോട്ടറും സ്ഥാപിച്ചതോടെ അവിടെനിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്യാവുന്ന നിലയായി. ഇന്നലെ ക്യാംപസിലേക്ക് നേരിട്ട് വെള്ളം പമ്പ് ചെയ്തു.പാറക്കടവ് പമ്പ് ഹൗസിലെ 4 ജീവനക്കാർക്കും അവിടെ തുടരാം. ചേളാരി ബൂസ്റ്റർ പമ്പ് ഹൗസിനു കീഴിലുണ്ടായിരുന്ന 4 ജീവനക്കാരെയും ക്യാംപസിലേക്ക് മാറ്റും. പമ്പ് ഹൗസ് നേരത്തെ തന്നെ പൊളിക്കാനിരുന്നതാണെങ്കിലും യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടതനുസരിച്ച് സാവകാശം നൽകുകയായിരുന്നു. ക്യാംപസിലേക്കുള്ള പമ്പിങ് എൻജിനീയർമാരായ ജയൻ പാടശേരി, കെ. ശിവദാസൻ, ബിനി മേനച്ചേരി, ഓവർസീയർമാരായ എം.പി.ഇല്യാസ്, കെ.അനസ് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.