തിരുനാവായയ്ക്കും പരപ്പനങ്ങാടിക്കും ഇടയിൽ 25 ദിവസത്തിനിടെ ട്രെയിനെടുത്തത് 5 ജീവൻ
Mail This Article
തിരൂർ ∙ കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ തിരുനാവായയ്ക്കും പരപ്പനങ്ങാടിക്കും ഇടയിൽ ട്രെയിൻ തട്ടി മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതിൽ 4 പേരും ട്രെയിൻ തട്ടിയും ഒരാൾ ട്രെയിനിൽ നിന്നു വീണുമാണ് മരിച്ചത്. കഴിഞ്ഞ 27ന് തിരൂർ – താനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ താനൂർ സ്വദേശിനിയായ 24 വയസ്സുകാരി ചെന്നൈ മെയിൽ തട്ടി മരിച്ചിരുന്നു. 5 ദിവസം കഴിഞ്ഞ് താനൂർ മുക്കോലയിൽ താനൂർ പരിയാപുരം സ്വദേശിയായ 29 വയസ്സുകാരൻ ജനശദാബ്ദി എക്സ്പ്രസ് തട്ടി മരിച്ചു. കഴിഞ്ഞ 11ന് 2 പേരാണ് അപകടങ്ങളിൽ മരിച്ചത്.
പരപ്പനങ്ങാടി ചിറമംഗലത്ത് പരപ്പനങ്ങാടി സ്വദേശിയായ 29 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. അന്നു തന്നെ തിരുനാവായയ്ക്കും തിരൂരിനും ഇടയിൽ തെക്കൻ കുറ്റൂർ എന്ന സ്ഥലത്ത് വച്ച് ഷൊർണൂർ – കോഴിക്കോട് പാസഞ്ചറിൽ നിന്നു വീണ് ബേപ്പൂർ സ്വദേശിയായ 25 വയസ്സുകാരനും മരിച്ചു. ഇതിന്റെയെല്ലാം നടുക്കം മാറും മുൻപാണ് ഇന്നലെ തിരൂരിൽ വീണ്ടും ട്രെയിൻ ഇടിച്ച് അജ്ഞാതൻ മരിച്ചത്. ട്രെയിൻ വരുന്നതു ശ്രദ്ധിക്കാത്തതാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണമെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നു.