സാമൂഹിക ഐക്യത്തിനായി പ്രവർത്തിക്കും: സന്ദീപ് വാരിയർ
Mail This Article
കൊണ്ടോട്ടി ∙ കോൺഗ്രസിനൊപ്പംനിന്ന് മതനിരപേക്ഷതയും സാമൂഹിക ഐക്യവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്നു സന്ദീപ് വാരിയർ. പാലക്കാട്ട് ബിജെപിക്കു വേണ്ടി മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കാൻ സിപിഎം ക്വട്ടേഷൻ എടുത്തിരിക്കുകയാണെന്നും ആരോപിച്ചു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ കിഴിശ്ശേരി മുണ്ടിലാക്കലിൽ ജിഫ്രി തങ്ങളുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കെപിസിസി സെക്രട്ടറി കെ.പി.നൗഷാദലി ഒപ്പമുണ്ടായിരുന്നു.
തന്റെ ശേഖരത്തിലുണ്ടായിരുന്ന ഭരണഘടനയുടെ കയ്യെഴുത്തുപ്രതി സന്ദീപ് വാരിയർ തങ്ങൾക്കു സമ്മാനിച്ചു. മതനിരപേക്ഷതയും മാനവിക സൗഹാർദവും കാത്തുസൂക്ഷിക്കാനുള്ള ബാധ്യത കൂടുതലുള്ളതു സംസ്ഥാനം ഭരിക്കുന്നവർക്കാണ്. പാലക്കാട്ട് ദൗർഭാഗ്യവശാൽ മുഖ്യമന്ത്രിയും സിപിഎമ്മും മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിക്കു രാഷ്ട്രീയ നേട്ടമുണ്ടാക്കിക്കൊടുക്കാനുള്ള പരിശ്രമത്തിലാണ്. ആ ശ്രമത്തിനു പാലക്കാട്ടെ വോട്ടർമാർ കനത്ത തിരിച്ചടി നൽകും. ജിഫ്രി തങ്ങളുടെ അനുഗ്രഹം വാങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ട്.
കഴിഞ്ഞദിവസം എൻഎസ്എസ് ആസ്ഥാനത്തെത്തി ജി.സുകുമാരൻ നായരെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. എല്ലാ സമുദായ സംഘടനകളുടെയും പിന്തുണയും സ്നേഹവും ലഭിച്ചിട്ടുണ്ട്. ഈ സന്ദർശനം രാഷ്ട്രീയ വിവാദം ആക്കേണ്ടതില്ലെന്നും സന്ദീപ് വാരിയർ പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷത നിലനിൽക്കണമെന്നും കേരളത്തിൽ സംഘടനകളും പാർട്ടികളും മതസൗഹാർദത്തിനു പ്രാധാന്യം നൽകുന്നുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്തയുടെ പത്രത്തിൽ പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വന്ന പരസ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ, ആരു പരസ്യം കൊടുത്താലും സ്വീകരിക്കുമല്ലോ എന്നായിരുന്നു തങ്ങളുടെ മറുപടി.