അംഗത്വമെടുപ്പിച്ച സിഐടിയു കൈവിട്ടു; 4 സ്ത്രീകൾക്ക് ജോലി നഷ്ടമായി
Mail This Article
തിരൂർ ∙ ജില്ലാ ആശുപത്രിയിലെ ക്ലീനിങ് വിഭാഗത്തിലുള്ള 4 സ്ത്രീകൾക്കു ജോലി നഷ്ടമായതായി പരാതി. ജോലി ഉറപ്പു പറഞ്ഞ് അംഗത്വമെടുപ്പിച്ച സിഐടിയു സഹായിച്ചില്ലെന്നും ആരോപണം. 4 പേരും ഇവിടെ വർഷങ്ങളായി ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ വർഷം ക്ലീനിങ്, സെക്യൂരിറ്റി ജോലികൾ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി ഒരു കരാർ ഏജൻസിയെ ഏൽപിച്ചിരുന്നു. ഇതോടെ ഇവിടെ മുൻപുണ്ടായിരുന്നവർ തങ്ങളെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുകയും, ഇവരിൽ 13 പേരെ കരാർ കമ്പനി ജോലിക്കെടുക്കുകയും ചെയ്തു. ഇക്കൂട്ടത്തിൽ പെട്ട 4 സ്ത്രീകളെയാണ് കമ്പനി പുറത്താക്കിയത്. ആശുപത്രിയിൽ 9 വർഷമായി ജോലി ചെയ്യുന്ന പി.ടി.ഷീബ, 8 വർഷമായി ജോലി ചെയ്യുന്ന പി.പി.സബീന, 21 വർഷമായുള്ള ടി.വിജയലക്ഷ്മി, 9 വർഷമായുള്ള കെ.വി.പാർവതി എന്നിവരുടെ ജോലിയാണ് നഷ്ടമായത്.
13,250 രൂപയാണ് കമ്പനി ഇവർക്ക് ശമ്പളമായി നൽകിയിരുന്നത്. അതേ സമയം ഒരു വർഷം മുൻപ് കരാർ കമ്പനി വന്ന സമയത്ത് ജോലി സ്ഥിരത ഉറപ്പു വരുത്തി നൽകാമെന്നു പറഞ്ഞ് സിഐടിയു ഇവരെ കൊണ്ട് അംഗത്വമെടുപ്പിച്ചിരുന്നതായി ഇവർ പറഞ്ഞു. 13 പേരടങ്ങുന്ന യൂണിറ്റിന്റെ കൺവീനറായി പി.ടി.ഷീബയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ കരാർ കമ്പനി ജോലിയുമായി ബന്ധപ്പെട്ട് ഇവരെ പ്രയാസത്തിലാക്കിയ സമയത്തൊന്നും സിഐടിയു സഹായിക്കാനെത്തിയില്ലെന്നും ഇനി അവരുമായി സഹകരിക്കില്ലെന്നും ജോലി നഷ്ടപ്പെട്ടവർ പറഞ്ഞു.