കൊണ്ടോട്ടി ആശുപത്രി വികസനം: റോഡിന് സൗജന്യമായി സ്ഥലം വിട്ടുനൽകി നാടിന്റെ മാതൃക
Mail This Article
കൊണ്ടോട്ടി ∙ ആശുപത്രി വികസനത്തിന് അനുമതി ലഭിക്കാൻ റോഡിന് വീതി പോരെന്നു പറഞ്ഞപ്പോൾ, ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകാനൊരുങ്ങി നാട്ടുകാരും പഴയങ്ങാടി പള്ളിക്കമ്മിറ്റിയും. കൊണ്ടോട്ടി താലൂക്ക് ആശുപത്രി വികസനം യാഥാർഥ്യമാക്കാനാണ് ലക്ഷങ്ങൾ വിലയുള്ള നഗരമധ്യത്തിലെ സ്ഥലം റോഡിന്റെ ഇരുവശങ്ങളിലുമുള്ള 30 ഉടമകളും പഴയങ്ങാടി പള്ളി കമ്മിറ്റിയും വിട്ടുനൽകാൻ ധാരണയായത്. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനു മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ട് ഏറെയായി. കിഫ്ബി ഫണ്ടിൽ 45 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായി. ആദ്യഘട്ട പ്രവൃത്തിക്ക് ഭരണാനുമതിയും ലഭിച്ചു.
എന്നാൽ, കൊണ്ടോട്ടിയിൽനിന്ന് ആശുപത്രിവരെയുള്ള റോഡിന് 8 മീറ്റർ വീതി ഇല്ലെന്നും ആവശ്യമായ വീതിയുണ്ടെങ്കിൽ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ എന്നും കിഫ്ബി അറിയിച്ചു. അതോടെ, ആശുപത്രി വികസനം പ്രതിസന്ധിയിലായി. ടി.വി.ഇബ്രാഹിം എംഎൽഎയും നഗരസഭയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഒന്നിച്ച് പരിസരവാസികളുമായി ചർച്ച നടത്തിയാണ് പ്രശ്നത്തിനു പരിഹാരം കണ്ടത്. റോഡിന്റെ ഇരുവശങ്ങളിലും ആവശ്യമായ സ്ഥലം സൗജന്യമായി നൽകുമെന്ന് നാട്ടുകാർ ഉറപ്പു നൽകി. പൊളിക്കുന്ന ഭാഗത്ത് മതിൽ കെട്ടി നൽകൽ, വഴി സൗകര്യം തുടങ്ങിയ കാര്യങ്ങൾ ചെയ്യും.
വിട്ടുനൽകിയ സ്ഥലത്ത് കെട്ടിട നിർമാണ നിബന്ധനകളിൽ നഗരസഭ ഇളവു നൽകാനും തീരുമാനിച്ചു. കൊണ്ടോട്ടി പഴയങ്ങാടി റോഡിൽനിന്ന് താലൂക്ക് ആശുപത്രി കവാടം വരെയുള്ള ഏകദേശം 500 മീറ്റർ റോഡിന്റെ ഇരുവശങ്ങളിലും കഴിയുന്നവരാണ് സ്ഥലം വിട്ടുനൽകുന്നത്. അവരിൽ പലരും കുറഞ്ഞ സ്ഥലത്തു താമസിക്കുന്നവരുമാണ്. ആശുപത്രിയുടെ വികസനം മുടങ്ങാതിരിക്കാനാണ് സുമനസ്സോടെ നാട്ടുകാർ കൈകോർക്കുന്നത്.
ടി.വി.ഇബ്രാഹിം എംഎൽഎ, നഗരസഭാധ്യക്ഷ നിത ഷഹീർ, വൈസ് ചെയർമാൻ അഷ്റഫ് മടാൻ, മാമരത്ത് സ്ഥിര സമിതി അധ്യക്ഷൻ എ.മുഹിയുദ്ദീൻ അലി, വാർഡ് കൗൺസിലർ സാലിഹ് കുന്നുമ്മൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചർച്ചകൾക്കും മറ്റു നടപടികൾക്കും നേതൃത്വം നൽകി.റോഡിനു വീതിയില്ലാത്തത് വലിയ പ്രതിസന്ധിയായിരുന്നു. നാട്ടുകാരുടെ മാതൃകാപരമായ ഇടപെടലിലൂടെ അതിനു പരിഹാരമായതോടെ പരമാവധി വേഗത്തിൽ താലൂക്ക് ആശുപത്രി വികസനം യാഥാർഥ്യമാക്കുമെന്ന് എംഎൽഎ പറഞ്ഞു.