പൊന്നാനിയിലെ റോഡ് നവീകരണം തുടങ്ങി
Mail This Article
പൊന്നാനി ∙ ഒടുവിൽ പൊന്നാനിയിലെ റോഡുകൾക്ക് നല്ലകാലം വരുന്നു. എവി ഹൈസ്കൂൾ മുതൽ ബസ് സ്റ്റാൻഡ് വരെ അമൃത് ശുദ്ധജല പദ്ധതിക്കായി പൊളിച്ചിട്ട റോഡിലാണ് നവീകരണം തുടങ്ങിയത്. തകർന്ന് കിടന്നിരുന്ന റോഡുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും കരാറുകാരും എംഎൽഎയ്ക്കും നഗരസഭയ്ക്കും നൽകിയ ഉറപ്പുകളെല്ലാം പാഴായിരുന്നു. ഒടുവിൽ പി.നന്ദകുമാർ എംഎൽഎ കർശന താക്കീത് നൽകി ഉദ്യോഗസ്ഥയോഗം വിളിച്ചു ചേർക്കുകയും 20ന് അകം പണി തുടങ്ങുമെന്ന് ഉദ്യോഗസ്ഥരിൽനിന്ന് ഉറപ്പ് വാങ്ങുകയും ചെയ്തിരുന്നു. നാലാം തവണ ലഭിച്ച ഇൗ ഉറപ്പാണ് ഒരു ദിവസം വൈകിയാണെങ്കിലും പാലിക്കപ്പെട്ടത്.
ടാറിങ്ങിന് മുന്നോടിയായുള്ള ലവലിങ് പണികളാണ് ഇപ്പോൾ നടക്കുന്നത്. പൊന്നാനി നഴ്സിങ് ഹോം, തഖ്‍വ പള്ളി, കോടതിപ്പടി, ചാണ തുടങ്ങിയ ഭാഗങ്ങളിലെ കുഴികൾ ഇന്നലെ അടച്ചു തുടങ്ങി. ചമ്രവട്ടം ജംക്‌ഷൻ ഭാഗത്ത് പൂട്ടുകട്ട വിരിച്ച ഭാഗത്തും അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ട്. 24ന് ടാറിങ് തുടങ്ങുമെന്നാണ് കരാറുകാർ നൽകിയ ഉറപ്പ്. ഇതിനു ശേഷം റോഡരികുകൾ കോൺക്രീറ്റ് ചെയ്യുന്ന പണി നടക്കും. മരാമത്ത് വകുപ്പ് എൻഎച്ച് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നവീകരണം നടക്കുന്നത്. 20 കോടി രൂപ ചെലവഴിച്ച് തൃക്കണാപുരം മുതൽ പൊന്നാനി വരെയുള്ള പഴയ ദേശീയപാത ടാറിങ് പ്രവൃത്തിയുടെ ഭാഗമായാണ് നിർമാണം. പൊന്നാനിയിലെ റോഡുകൾ തകർന്നടിഞ്ഞിട്ടും നവീകരണം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.