മന്ത്രി വാക്കുപാലിച്ചു; പൂന്താനം സ്മാരകം നിർമാണം പുനരാരംഭിച്ചു
Mail This Article
കീഴാറ്റൂർ∙ ടൂറിസം വകുപ്പിന്റെ കീഴിൽ കവി പൂന്താനത്തിന്റെ സ്‌മരണയ്‌ക്കായി നിർമിക്കുന്ന പൂന്താനം സാംസ്‌കാരിക നിലയത്തിന്റെ പണി പുനരാരംഭിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെട്ടതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ഞായറാഴ്‌ച ആക്കപ്പറമ്പിൽ സിപിഎം മഞ്ചേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് പൂന്താനം സ്‌മാരക സമിതി പ്രവർത്തകർ 7 വർഷമായിട്ടും നിർമാണം പൂർത്തിയാക്കാത്ത പൂന്താനം സാംസ്‌കാരിക നിലയത്തിന്റെ കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്.
ഉദ്ഘാടന സമ്മേളനത്തിൽ തന്നെ സ്‌മാരക നിർമാണം പൂർത്തീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു.തിരുവനന്തപുരത്ത് 19ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ജനുവരി 26ന് അകം പൂന്താനം സാംസ്‌കാരിക നിലയത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്ന് കർശനനിർദേശം നൽകുകയായിരുന്നു. ഇതേത്തുടർന്നാണ് ജില്ലാ നിർമിതികേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിർമാണം പുനരാരംഭിച്ചത്. കവി പൂന്താനത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഫെബ്രുവരി രണ്ടാം വാരത്തിലാണ് പൂന്താനം സാഹിത്യോത്സവം. ഇത്തവണ പൂന്താനം സാംസ്‌കാരിക നിലയത്തിൽ സാഹിത്യോത്സവം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്‌മാരക സമിതി.