ADVERTISEMENT

തിരൂർ ∙ ചമ്രവട്ടം ആരോഗ്യ ഉപകേന്ദ്രത്തിനു വേണ്ടി നിർമാണം നടക്കുന്ന കെട്ടിടത്തിനുള്ളിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തള്ളിയത് തൃപ്രങ്ങോട് പഞ്ചായത്ത് തന്നെ. സ്ഥലത്ത് ഇന്നലെ രാവിലെയും പ്രദേശവാസികളുടെ പ്രതിഷേധം നടന്നു. സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും നാട്ടുകാരും പൊലീസിൽ പരാതി നൽകി. ഒടുവിൽ ഇന്നലെ വൈകിട്ടോടെ പഞ്ചായത്ത് തന്നെ മാലിന്യം സ്ഥലത്ത് നിന്നു നീക്കം ചെയ്തു തുടങ്ങി. തൃപ്രങ്ങോട് പഞ്ചായത്തിലെ ആരോഗ്യ ഉപകേന്ദ്രങ്ങളിലൊന്ന് ചമ്രവട്ടത്താണ് പ്രവർത്തിക്കുന്നത്. ഇവിടെ പുതിയ കെട്ടിടത്തിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ്. 

ഇതിനിടെയാണ് വെള്ളിയാഴ്ച വൈകിട്ട് ഇവിടെ 10 ലോഡോളം മാലിന്യം തള്ളിയത്. ഇത് ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. കെട്ടിടത്തിന്റെ തറ തൂർക്കാൻ മണ്ണിനു പകരം പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തള്ളുകയായിരുന്നുവെന്ന് ആരോപിച്ചായിരിന്നു പ്രതിഷേധം. ഇന്നലെ രാവിലെ ഏഴരയോടെ സ്ഥലത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടന്നു. എന്നാൽ പരപ്പേരിയിൽ പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിൽ പണി നടക്കുന്നതിനാൽ ശേഖരിച്ച മാലിന്യം പണി നടക്കുന്ന കെട്ടിടത്തിൽ തള്ളാൻ പറയുകയായിരുന്നുവെന്ന് പ്രസിഡന്റ് വി.ശാലിനി പറഞ്ഞു. 

ഹരിതകർമസേനാംഗങ്ങളോട് ഇവിടെ വച്ച് മാലിന്യം തരം തിരിക്കാനും ആവശ്യപ്പെട്ടിരുന്നു. തറ തൂർക്കാൻ ഈ മാലിന്യം ഉപയോഗിക്കില്ലെന്നും ഇത് സ്ഥലത്തു നിന്ന് മാറ്റുകയാണെന്നും പ്രസിഡന്റ് പറഞ്ഞു. തുടർന്ന് ഇന്നലെ വൈകിട്ടോടെ മാലിന്യം ഇവിടെ നിന്നു മാറ്റിത്തുടങ്ങി. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ പ്രസിഡന്റ് അടക്കമുള്ള പഞ്ചായത്ത് അധികൃതരും നാട്ടുകാരും തമ്മിൽ ഇക്കാര്യത്തെ ചൊല്ലി വാക്കുതർക്കവുമുണ്ടായിരുന്നു.

English Summary:

Public outcry erupts in Tirur as Triprangode Panchayat is caught dumping plastic and other waste materials inside the unfinished Chamravattom Health Sub Center. Residents staged protests demanding accountability and police action. The panchayat eventually began removing the waste after sustained pressure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com