പമ്പിങ് തുടങ്ങി 20 ദിവസം; മൂച്ചിക്കൽ കോൾ പടവിൽ ബണ്ട് തകർന്നു
Mail This Article
ചങ്ങരംകുളം ∙ മൂച്ചിക്കൽ കോൾ പടവിൽ ബണ്ട് തകർന്നു. പമ്പിങ് തുടങ്ങി 20 ദിവസം കഴിഞ്ഞപ്പോഴാണ് ബണ്ട് തകർന്നത്. 60 ഏക്കർ പാടത്ത് കൃഷി പണികൾ തുടങ്ങാത്തതിനാൽ കൃഷിനാശം ഒഴിവായി. ബണ്ടിനു മുകളിൽ വെള്ളം ഉയർന്നപ്പോൾ ചാക്കിൽ മണ്ണ് നിറച്ച് വെള്ളം തടയാൻ ശ്രമിച്ച ഭാഗത്താണ് 15 മീറ്റർ ബണ്ട് തകർന്നത്. ബണ്ട് നിർമാണം പൂർത്തിയായിരുന്നെങ്കിലും 350 മീറ്റർ ബണ്ട് താഴ്ന്നിരുന്നു.
ഇവിടെ 2 ലക്ഷം രൂപ ചെലവഴിച്ചാണു താൽക്കാലികമായി മൺചാക്കുകൾ വച്ച് വെള്ളം തടഞ്ഞിട്ടതെന്നു കർഷകർ പറയുന്നു. തൃശൂർ ജില്ലയിലെ വെട്ടിക്കടവ്, ഒതളൂർ, പന്താവൂർ പമ്പ് ഹൗസുകൾ നേരത്തെ പ്രവർത്തിപ്പിച്ച് നൂറടി തോട്ടിലെ വെള്ളം ശേഖരിക്കാൻ തുടങ്ങിയിരുന്നെങ്കിൽ മേഖലയിലെ ജലനിരപ്പ് കുറയുമായിരുന്നു. ബിയ്യം ബ്രിജിലെ ഷട്ടറുകൾ പ്രയോജനപ്പെടുത്തി കോളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനു അധികൃതരുടെ അനാസ്ഥയാണ് ബണ്ട് തകരാൻ കാരണമായതെന്ന് കോൾ പടവ് സെക്രട്ടറി അലി മൂച്ചിക്കൽ പറഞ്ഞു.