വ്യാജ ടിക്കറ്റ് കാണിച്ച് പണം തട്ടി; ഇരയായത് ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപനക്കാരൻ
Mail This Article
തിരൂർ∙ സമ്മാനമടിച്ച ലോട്ടറിയാണെന്നു തെറ്റിദ്ധരിപ്പിച്ചു വ്യാജ ലോട്ടറി നൽകി ഭിന്നശേഷിക്കാരനായ ലോട്ടറിവിൽപനക്കാരനിൽനിന്നു പണം തട്ടി. തലക്കാട് പാറശ്ശേരി നാലകത്ത് ഫിറോസിൽനിന്നാണു പണം തട്ടിയത്. ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി ഭാഗ്യക്കുറിയുടെ പേരിലാണു തട്ടിപ്പ് നടത്തിയത്. 2 സീരിയൽ നമ്പറുകളിലുള്ള എസ്ഒ 326212, എസ്‍വി 326212 എന്നീ ലോട്ടറി ടിക്കറ്റുകളാണു തട്ടിപ്പുകാരൻ ഫിറോസിനു നൽകിയത്.
2 ടിക്കറ്റുകൾക്കും 500 രൂപ വീതം സമ്മാനമുണ്ടെന്നു പറഞ്ഞു തിരൂർ മാർക്കറ്റിനു സമീപത്തു വച്ചാണു തട്ടിപ്പുകാരൻ ഫിറോസിനെ സമീപിച്ചത്. കയ്യിലുണ്ടായിരുന്ന സമ്മാനപ്പട്ടിക പരിശോധിച്ചപ്പോൾ ഈ ടിക്കറ്റുകൾക്കു സമ്മാനമുണ്ടായിരുന്നതിനാൽ ഫിറോസ് 1,000 രൂപ നൽകാമെന്നേറ്റു. ഇതോടെ തട്ടിപ്പുകാരൻ 350 രൂപയ്ക്കു ലോട്ടറികൾ വാങ്ങുകയും ബാക്കി 650 രൂപ പണമായി കൈപ്പറ്റുകയും ചെയ്തു സ്ഥലം വിട്ടു.
ഫിറോസ് ഈ ടിക്കറ്റുകൾ അടുത്തുള്ള അംഗീകൃത ലോട്ടറി ഏജൻസിയിൽ എത്തിച്ചപ്പോഴാണു തട്ടിപ്പു മനസ്സിലായത്. ലോട്ടറിയിലെ ക്യുആർ കോഡ് സ്കാൻ ചെയ്തു നോക്കിയപ്പോൾ നമ്പർ തിരുത്തിയതാണെന്നു മനസ്സിലാക്കുകയായിരുന്നു. ഇതോടെ ഇന്നലെ തിരൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംസാരിക്കാനും നടക്കാനും ഏറെ പ്രയാസമുള്ള ഫിറോസ് 15 വർഷമായി ലോട്ടറി വിൽപനക്കാരനാണ്.
ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തെ നോക്കുന്നതും ലോട്ടറി വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ്. ഇതിനിടെയാണു തട്ടിപ്പിന് ഇരയായത്. ഇത്തരത്തിൽ വ്യാജ ടിക്കറ്റുകൾ നൽകി പണം തട്ടുന്ന സംഭവം വ്യാപകമായി നടക്കുന്നുണ്ടെന്നു തിരൂരിലെ മറ്റു ലോട്ടറി ഏജന്റുമാർ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.