ജ്വല്ലറി ഉടമകളെ ആക്രമിച്ചു കവർച്ച: നാലംഗ സംഘത്തിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി
Mail This Article
പെരിന്തൽമണ്ണ∙ ജ്വല്ലറി ഉടമകളെ ആക്രമിച്ചു മൂന്നര കിലോഗ്രാം സ്വർണം കവർന്ന സംഭവത്തിൽ പൊലീസ് കസ്‌റ്റഡിയിലെടുത്ത നാലംഗ സംഘത്തിന്റെ അറസ്‌റ്റ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. സംഘത്തെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്‌തു. തൃശൂർ വരന്തരപ്പള്ളി കോരനൊടി കളിയങ്കര വീട്ടിൽ സജിത്‌കുമാർ(മണി–39), കണ്ണൂർ പാട്ടിയം സ്വദേശികളായ പത്തായക്കുന്ന് ശ്രീരാജ് വീട്ടിൽ നിജിൽരാജ്(35), പത്തായക്കുന്ന് ആശാരിക്കണ്ടിയിൽ പ്രബിൻ ലാൽ (29), തൃശൂർ കോക്കൂർ എളവള്ളി സൗത്തിൽ കോരോംവീട്ടിൽ നിഖിൽ (33) എന്നിവരെയാണു റിമാൻഡ് ചെയ്‌തത്.
കേസിൽ 2 പേർ കൂടി പിടിയിലായതായാണു സൂചന. റിമാൻഡ് ചെയ്‌ത പ്രതികളിൽ നിജിൻരാജ്, പ്രഭിൻലാൽ എന്നിവരെ പൊലീസ് കൂടുതൽ അന്വേഷണത്തിനായി കോടതിയുടെ അനുമതിയോടെ ഇന്നലെ തന്നെ കസ്‌റ്റഡിയിൽ വാങ്ങി. പെരിന്തൽമണ്ണ ഊട്ടി റോഡിലെ കെഎം ജ്വല്ലറി ഉടമസ്ഥരായ കിനാത്തിയിൽ യൂസഫ്, ഷാനവാസ് എന്നിവരെയാണു കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി കാറിലെത്തിയ സംഘം സ്‌കൂട്ടർ ഇടിച്ചുവീഴ്‌ത്തി കണ്ണിൽ കുരുമുളകു സ്‌പ്രേ പ്രയോഗിച്ച് ആക്രമിച്ചു കവർച്ച നടത്തിയത്. ജ്വല്ലറി പൂട്ടി രണ്ടര കോടിയോളം രൂപയുടെ സ്വർണവുമായി വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇരുവരും.
പ്രതികളെത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നു പെരിന്തൽമണ്ണ പൊലീസ് നിമിഷങ്ങൾക്കകംതന്നെ കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു സഹായകമായി. കവർച്ചയ്‌ക്കുശേഷം പെരിന്തൽമണ്ണയിൽനിന്നു കടന്ന സംഘം കാറിന്റെ വ്യാജ നമ്പർ പ്ലേറ്റ് മാറ്റുന്നതിനിടെ തൃശൂർ ഈസ്‌റ്റ് പൊലീസ് വാഹനം തടഞ്ഞു പിടികൂടുകയായിരുന്നു.
അതേസമയം കവർച്ച ചെയ്യപ്പെട്ട സ്വർണത്തെക്കുറിച്ചു കൃത്യമായ വിവരം ഇനിയും അന്വേഷണ സംഘത്തിനു ലഭിച്ചില്ല. സംഘത്തിലെ മറ്റു ചിലർ ഷൊർണൂരിലെത്തിയപ്പോൾ സ്വർണവുമായി കാറിൽ നിന്നിറങ്ങിയെന്നാണ് ഇവർ പൊലീസിനു നൽകിയ മൊഴി. ഇന്നലെ രാവിലെ ജില്ലാ പൊലീസ് മേധാവി പെരിന്തൽമണ്ണയിലെത്തി അന്വേഷണ സ്ഥിതിഗതികൾ അവലോകനം ചെയ്‌തു.