ആലിപ്പറമ്പ് പഞ്ചായത്ത് ഓഫിസ്; ഇനി ഒരു കപ്പ് ചായയിൽ ഊഷ്‌മള സ്വീകരണം
Mail This Article
പെരിന്തൽമണ്ണ ∙ ആലിപ്പറമ്പ് പഞ്ചായത്ത് ഓഫിസിലെത്തുന്ന എല്ലാവർക്കും ഇനി ഒരു കപ്പ് ചായയിൽ ഊഷ്‌മള സ്വീകരണം. പഞ്ചായത്ത് ഓഫിസിലേക്ക് വിവിധ ആവശ്യങ്ങൾക്ക് വരുന്ന പൊതു ജനങ്ങൾക്ക് വേണ്ടി സൗജന്യമായി ചായയും കാപ്പിയും നൽകി സ്വീകരിക്കാനുള്ള സൗകര്യമാണ് ഭരണ സമിതി ഒരുക്കിയിരിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡ തൂത ബ്രാഞ്ചിന്റെ സഹായത്തോടു കൂടിയാണ് പദ്ധതി. പൊതു ജനത്തിന് ഒരു സ്നേഹ സേവനത്തിനൊപ്പം ഒരു ചേർത്തു നിർത്തലിന്റെ കുളിരു കൂടിയുണ്ട് ഈ പദ്ധതിക്ക്. ഭിന്നശേഷിക്കാരനായ ഷഹബാസിനെയാണ് ഈ കോഫി മെഷീൻ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഏൽപിച്ചിട്ടുള്ളത്.
ജീവനക്കാർക്കും അംഗങ്ങൾക്കും വിലയിൽ ഇളവോടു കൂടിയാണ് ചായ നൽകുക. ഇങ്ങനെ ലഭിക്കുന്ന വരുമാനം ഷഹബാസിനുള്ളതാണെന്ന് പ്രസിഡന്റ് കെ.ടി.അഫ്സൽ പറഞ്ഞു. മുൻപ് നജീബ് കാന്തപുരം എംഎൽഎക്ക് മുന്നിൽ ജോലി തേടിയെത്തി ശ്രദ്ധേയനായ ആളാണ് ഷഹബാസ്. ഒരു കപ്പ് കാപ്പി ബറോഡ ബാങ്ക് മാനേജർക്ക് നൽകി ഷഹബാസ് തന്നെയാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്.
ബാങ്ക് ഓഫ് ബറോഡ തൂത ബ്രാഞ്ച് മാനേജർ വിപിൻ ദിലീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ, സ്ഥിരസമിതി അധ്യക്ഷരായ സി.എച്ച്.ഹമീദ്, സി.പി.ഹംസക്കുട്ടി, ജൂബില ലത്തീഫ്, അംഗങ്ങളായ അമ്പിളി, ലീന, ശാന്തിനീ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു, മറ്റു ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.