പാങ്ങിന്റെ ഹോക്കി കരുത്തായി ഷഹാനയും ഫാത്തിമയും ദേശീയ ചാംപ്യൻഷിപ്പിന്
Mail This Article
കൊളത്തൂർ∙ പ്രതിസന്ധികളെയും പരാധീനതകളെയും അതിജീവിച്ച് പാങ്ങിന്റെ പെൺകരുത്ത് ഹോക്കിയിൽ ഇനി കേരളത്തിനു വേണ്ടി ജഴ്സിയണിയും. പാങ്ങ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികളായ എം.ഷഹാന തസ്നിയും (16) കെ.ഫാത്തിമ സിയയും (14) ആണ് കേരള സ്‌കൂൾ ഹോക്കി ടീമിൽ ജഴ്സിയണിയുക.
പ്ലസ് വൺ വിദ്യാർഥിനി ഷഹാന തസ്‌നി ദേശീയ ചാംപ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിലും എട്ടാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ സിയ സബ് ജൂനിയർ വിഭാഗത്തിലുമാണ് കളിക്കുക. 2021–22 വർഷത്തിലാണ് പാങ്ങ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കായികാധ്യാപകനായ പി.ഷാരൂണിന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ഹോക്കി ടീം ആരംഭിക്കുന്നത്.
പിടിഎയും അധ്യാപകരും എസ്എംസിയും പാങ്ങിലെ ക്ലബ്ബുകളും വ്യാപാര സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം പിന്തുണയേകി. ഉപജില്ലാ സ്കൂൾ കായികമേളയിലെ മികവിനൊപ്പം ജവാഹർലാൽ നെഹ്റു ഹോക്കി ടൂർണമെന്റിലും ജില്ലാ ചാംപ്യന്മാരാണ്. ജില്ലാ ടീമിലെ വിവിധ വിഭാഗങ്ങളിലേക്ക് സ്‌കൂളിലെ 21 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പാൽ സൊസൈറ്റി ജീവനക്കാരനായ സിദ്ദിഖ് മുട്ടിക്കലും മാതാവ് എം.സാറയുമാണ് ഷഹാന തസ്‌നിയുടെ പിതാവ്. കെ.സിദ്ദീഖിന്റെയും ടി.സലീനയുടെയും മകളാണ് ഫാത്തിമ സിയ. ദേശീയ ചാംപ്യൻഷിപ്പിലെ ജൂനിയർ വിഭാഗം മത്സരത്തിൽ പങ്കെടുക്കാനായി ഷഹാന തസ്‌നി ഇപ്പോൾ ഹരിയാനയിലാണ്. സബ് ജൂനിയർ വിഭാഗം മത്സരങ്ങൾ മധ്യപ്രദേശിലാണ് നടക്കുക.