ഇനി കലയുടെ രാജാങ്കണം; ജില്ലാ സ്കൂൾ കലോത്സവം കോട്ടയ്ക്കൽ രാജാസ് സ്കൂളിൽ
Mail This Article
കോട്ടയ്ക്കൽ∙ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നാളെ മുതൽ കൗമാരകലയുടെ കനകതാളം മുഴങ്ങും, കലാവൈവിധ്യങ്ങളുടെ മഴവില്ലഴക് വിടരും. 5 പകലിരവുകളിൽ നടക്കുന്ന കലാവിസ്മയങ്ങളിൽ ആസ്വാദകരുടെ മനവും മിഴിയും നിറയും. ചരിത്രസ്മരണ നിറഞ്ഞുനിൽക്കുന്ന രാജാങ്കണം ഇതു രണ്ടാം തവണയാണ് തുടർച്ചയായി ജില്ലാ സ്കൂൾ കലോത്സവത്തിന് ആതിഥ്യമരുളുന്നത്. നാടിന്റെ ചരിത്രത്തിനൊപ്പം കലാ, സാംസ്കാരികത്തനിമയും ഔഷധക്കൂട്ടിന്റെ മഹിമയും ഇഴചേർന്ന ഭൂമികയിൽ കലാരസക്കൂട്ടുമായി 12,000 വിദ്യാർഥികളാണു മത്സരത്തിനെത്തുന്നത്. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.
നാളെ രാവിലെ 9ന് ഡിഡിഇ കെ.പി.രമേശ് കുമാർ പതാക ഉയർത്തും. വൈകിട്ട് 4.30ന് എം.പി.അബ്ദുസ്സമദ് സമദാനി എംപി കലോത്സവം ഉദ്ഘാടനം ചെയ്യും. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ആധ്യക്ഷ്യം വഹിക്കും. ഭിന്നശേഷി വിദ്യാർഥികളുടെ സ്വാഗതനൃത്തം, സംഗീതശിൽപം എന്നിവ ഉദ്ഘാടന സമ്മേളനത്തിനു മാറ്റുകൂട്ടും. 30ന് സമാപന സമ്മേളനം മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. സ്റ്റേജിതര മത്സരങ്ങളും ബാൻഡ് മേളവും കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിലും സ്റ്റേജിന മത്സരങ്ങൾ ഗവ. രാജാസ് ഹയർ സെക്കൻഡറി സകൂളിലുമാണു നടക്കുക. 19 വേദികളിലാണു മത്സരം.
അപ്പീലുമായി ഇതുവരെ 108 വിദ്യാർഥികൾ
∙ ജില്ലാ സ്കൂൾ കലോത്സവം നാളെ തുടങ്ങാനിരിക്കെ, ഇതിനകം 108 വിദ്യാർഥികൾ അപ്പീലുമായി എത്തി. കോടതി മുഖേന ഒരു അപ്പീലും ലഭിച്ചു.