ADVERTISEMENT

പുത്തനത്താണി∙ മേൽപത്തൂർ നാരായണ ഭ‌ട്ടതിരിപ്പാടിന്റെ ജന്മംകൊണ്ട് പവിത്രമായ നാടാണ് കുറുമ്പത്തൂരിലെ ‘മേൽപത്തൂർ’. എന്നാൽ, അവഗണനയുടെ നിത്യസ്മാരകമായി ഇല്ലപ്പറമ്പ് മാറിയിരിക്കുകയാണ്. ഗുരുവായൂർ ദേവസ്വത്തിനു കീഴിലാണ് ഒരേക്കറിൽ താഴെ വിസ്തൃതിയുള്ള ഇല്ലപ്പറമ്പ്. 

1978ൽ ആണ് ഇല്ലപ്പറമ്പിൽ മച്ചറ നിന്നിരുന്ന സ്ഥലത്ത് സ്മാരക മണ്ഡപവും അതിൽ മേൽപത്തൂർ ഭട്ടതിരിയുടെ പ്രതിമയും സ്ഥാപിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഇതിന്റെ വാർഷികം. സ്മാരക മണ്ഡപവും ചുറ്റുമതിലും സ്ഥാപിച്ചതൊഴിച്ചാൽ മറ്റു വികസന പ്രവർത്തനങ്ങളൊന്നും ഇവിടെ നടത്തിയിട്ടില്ല. ഓരോ വർഷവും വിജയദശമി ദിനത്തിൽ ഒട്ടേറെ കുട്ടികളാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ഇവിടെ‌യെത്തുന്നത്.

സ്മാരക മണ്ഡപത്തിലക്കുള്ള റോഡിന്റെ സ്ഥിതി അത്യന്തം ശോചനീയം. ഇല്ലപ്പറമ്പിൽ വിശ്രമകേന്ദ്രം, ഓഡിറ്റോറിയം, സാംസ്കാരിക നിലയം, സംസ്കൃത പഠനകേന്ദ്രം തുടങ്ങിയവ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു പഴക്കമേറെയുണ്ട്. പക്ഷേ, ദേവസ്വം അധികൃതർ താൽപര്യം കാണിക്കുന്നില്ലെന്നാണു പരാതി. മേൽപത്തൂർ ഭട്ടിതിരിയുടെ നാമധേയത്തിൽ ഒരു ‌ആ‌യുർവേദ ആശുപത്രി മാത്രമാണു സർക്കാരിന്റേതായി ഉള്ളത്. 

ഒരുകോടിയുടെ വികസനം എവിടെ?
മേൽപത്തൂർ ഇല്ലപ്പറമ്പിന്റെ വികസനത്തിനായി ഗുരുവായൂർ ദേവസ്വം 2008 ഓഗസ്റ്റിൽ പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ വികസന പദ്ധതികൾ എവിടെ? അന്നത്തെ ദേവസ്വം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ തീരുമാനമെടുത്തത്. നടശാല(സ്മൃതിമണ്ഡപം) പരമ്പരാഗത രീതിയിൽ നിർമിക്കൽ, കുളം നിലവിലുള്ള അവസ്ഥയിൽ സംരക്ഷിക്കൽ, ഓപ്പൺ എ‌‌‌യർ ഓഡിറ്റോറിയം നിർമാണം എന്നീ പ്രവൃത്തികൾ ഘട്ടംഘട്ടമായി നടത്താൻ തീരുമാനിച്ചതാണ്. 

 14 വർഷം കഴിഞ്ഞിട്ടും ഒരു പദ്ധതിപോലും ദേവസ്വം നടപ്പാക്കായില്ല.  സംസ്കൃതം, മലയാളം ഭാഷകളുടെ വികസനത്തിനായുള്ള പ്രവർത്തനങ്ങൾ വേണം. കാലിക്കറ്റ് സർവകലാശാലയുടെ മലയാളം വിഭാഗം, സംസ്കൃത സർവകലാശാല എന്നിവയുമായി സഹകരിച്ചു ഭാഷാപഠനകേന്ദ്രം നിർമിക്കണം. താളിയോല ഗ്രന്ഥങ്ങൾ സമാഹരിച്ചു സംസ്കൃതം, മലയാള ഭാഷാ റഫറൻസ് ലൈബ്രറി, എല്ലാ ഭാഷകൾക്കും പ്രാധാന്യം നൽകുന്ന ലാംഗ്വേജ് ലാബ് എന്നിവ സ്ഥാപിക്കേണ്ടതുണ്ട്.

English Summary:

This article highlights the neglected state of the ancestral home of Melpathur Narayana Bhattathirippad in Kurumbathur, Kerala. Despite a memorial pavilion, the historical site requires attention to preserve its legacy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com