മുംബൈ – ഹൈദരാബാദ് അതിവേഗ റെയിൽ പദ്ധതി: 4 മണിക്കൂറിൽ 650 കിലോമീറ്റർ
Mail This Article
മുംബൈ ∙ നാലു മണിക്കൂറിൽ മുംബൈയിൽ നിന്നു ഹൈദരാബാദ് വരെ എത്താനുള്ള അതിവേഗ റെയിൽപാതയ്ക്ക് പദ്ധതിക്ക് വഴിയൊരുങ്ങുന്നു. ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് നാഷനൽ ഹൈസ്പീഡ് റെയിൽ കോർപറേഷൻ തയാറാക്കുന്നു. നിലവിലുള്ള ട്രെയിനുകൾ ശരാശരി 14 മണിക്കൂർ എടുക്കുമ്പോഴാണ് 650 കിലോമീറ്റർ ദൂരം നാലു മണിക്കൂർ കൊണ്ട് പിന്നിടാവുന്ന വിധം അതിവേഗ പാത ഒരുക്കാനുള്ള ശ്രമം.
താനെയിൽ ആണ് മുംബൈയിലെ ടെർമിനൽ ഉദ്ദേശിക്കുന്നത്. നവിമുംബൈ, റായ്ഗഡ്, പുണെ, സോലാപുർ വഴിയാണ് ഹൈദരാബാദ് പാത നിർമിക്കാൻ ആലോചിക്കുന്നത്. ഇൗ മേഖലയുടെ വികസനക്കുതിപ്പിനും പദ്ധതി വഴിയൊഴുക്കും. 1200 ഹെക്ടർ ഭൂമി പാതയ്ക്കായി ഏറ്റെടുക്കേണ്ടതുണ്ട്. നിർദിഷ്ട മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാത ഉപരിതലത്തിലുടെയും ഭൂഗർഭപാതയിലൂടെയുമാണ്. എന്നാൽ, ഹൈദരാബാദ് അതിവേഗപാത ഉപരിതലത്തിലൂടെയാണ് ഉദ്ദേശിക്കുന്നത്.
വിശദമായ പഠനറിപ്പോർട്ട് അടുത്ത വർഷം പകുതിയോടെ തയാറാകുമെന്ന് അധികൃതർ പറഞ്ഞു. വാണിജ്യ, വ്യവസായ, ടൂറിസം രംഗങ്ങളിൽ കുതിപ്പിന് അതിവേഗപാത വഴിയൊരുക്കും. നിലവിൽ ഒന്നര മണിക്കൂർകൊണ്ട് വിമാനമാർഗം എത്താമെങ്കിലും വിമാനത്താവളത്തിലെ കാത്തിരിപ്പും മറ്റും കണക്കാക്കിയാൽ അതിലും സൗകര്യം നാലു മണിക്കൂർ കൊണ്ട് എത്തുന്ന അതിവേഗ ട്രെയിൻ ആയിരിക്കുമെന്നാണ് അധികൃതരുടെ വാദം. കേന്ദ്ര സർക്കാരും മഹാരാഷ്ട്ര സർക്കാരും ചേർന്നു നിർമിക്കുന്ന വിധത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്.