അക്ഷര മധുരം നുകർന്ന്
Mail This Article
മുബൈ ∙ കേരളത്തിന്റെ പവിത്രമായ പാരമ്പര്യത്തിന്റെ കരംപിടിച്ച്, ഗുരുവിൽ നിന്ന് അക്ഷരാമൃത് നുകർന്ന് കുരുന്നുകൾ അറിവിന്റെ വഴിയിൽ യാത്ര തുടങ്ങി. അരിയെന്നാൽ ഐശ്വര്യം. അതിൽ ഹരിശ്രീ കുറിച്ചുള്ള തുടക്കം. മലയാള മനോരമ മുംബൈയിൽ സംഘടിപ്പിച്ച വിദ്യാരംഭത്തിൽ നഗരത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള കുട്ടികൾ ആദ്യാക്ഷരം കുറിച്ചു. മലയാളികളല്ലാത്ത കുട്ടികളും വിദ്യാരംഭത്തിനെത്തി. പവിത്രമായ അന്തരീക്ഷത്തിൽ ഗുരുക്കൻമാർ എഴുത്തുകാരനും കോളമിസ്റ്റുമായ ആനന്ദ് നീലകണ്ഠൻ, ബോംബെ ഐഐടിയിലെ ഐഡിസി സ്കൂൾ ഓഫ് ഡിസൈൻ പ്രഫസറും ലിപികലാ അധ്യാപകനുമായ ജി.വി. ശ്രീകുമാർ എന്നിവർ തിരി തെളിയിച്ചതോടെയാണ് വിദ്യാരംഭത്തിനു തുടക്കമായത്. മലയാള മനോരമ മാർക്കറ്റിങ് ചീഫ് റസിഡന്റ് ജനറൽ മാനേജർ ശ്രീകുമാർ മേനോൻ, സെയിൽസ് ജനറൽ മാനേജർ ജോജി ഇൗപ്പൻ സഖറിയ, ദ് വീക്ക് ബ്യൂറോ ചീഫ് ജ്ഞാനേഷ് ജത്താർ എന്നിവർ പങ്കെടുത്തു.
മലയാളത്തിന്റെ പാവനമായ പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും തെളിമ കാലപ്രവാഹത്തിൽ നമ്മുടെ കുരുന്നുകൾക്കു നഷ്ടമാകരുതെന്ന ലക്ഷ്യത്തോടെയാണ് മലയാള മനോരമ വിദ്യാരംഭം സംഘടിപ്പിക്കുന്നത്. കേരളത്തിലേതിനു സമാനമായ രീതിയിലായിരുന്നു ചടങ്ങുകൾ. ദാദർ ഇൗസ്റ്റ് ഹിന്ദു കോളനിയിൽ ഇന്ത്യൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ പ്രചാര്യ ബി.എൻ. വൈദ്യ സഭാഗൃഹിലായിരുന്നു വിദ്യാരംഭം.നാട്ടിൽ എഴുത്തിനിരുത്തുന്നതു പോലെയാണ് തോന്നിയതെന്ന് മകൾ മൃണാളിനിക്ക് ആദ്യാക്ഷരം പകരാൻ മനോരമ വേദിയിലെത്തിയ തിരുവനന്തപുരം സ്വദേശി ശബരി ഗിരീഷ് പറഞ്ഞു. ഇത്തരമൊരു വേദിയിൽ വിദ്യാംരംഭം കുറിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷവും സംതൃപ്തിയും ഉണ്ടെന്നു മകൾ ഇവാൻകെയെ എഴുത്തിനിരുത്തിയ പി. സുരേഷ് പറഞ്ഞു. പശ്ചിമ റെയിൽവേയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറാണ് കോഴിക്കോട് സ്വദേശിയായ സുരേഷ്.
പ്രഗൽഭരായ ഗുരുക്കൻമാരാണ്. എല്ലാ ക്രമീകരണങ്ങളും മികച്ചതായിരുന്നു– മകൻ സൈഡന് ആദ്യാക്ഷരം പകരാനത്തിയ കരോലിന്റെ വാക്കുകൾ. 2015ൽ മകൻ ജോയലിനെ മനോരമ വേദിയിലാണ് എഴുത്തിനിരുത്തിയതെന്നും ഇപ്പോൾ മകൾ ജോനയ്ക്കും ഇവിടെ തന്നെ വിദ്യാരംഭം കുറിച്ചെന്നും അംബർനാഥ് നിവാസിയായ തോമസ് സി. തോമസ് പറഞ്ഞു. താനെ, പവയ്, നവിമുംബൈ, നാലസൊപാര, മീരാറോഡ്, വിക്രോളി എന്നിങ്ങനെ നഗരത്തിന്റെ എല്ലാ കോണുകളിലും നിന്നും വിദ്യാരംഭ ചടങ്ങിലേക്ക് കുരുന്നുകളുമായി മാതാപിതാക്കളെത്തി.