എസി ഡബിൾ ഡെക്കർ കൊള്ളാം; ഓട്ടത്തിന് 4 ഇ–ബസ് കൂടി റെഡി
Mail This Article
മുംബൈ ∙ രാജ്യത്തെ ആദ്യത്തെ എസി ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് നിരത്തിലിറക്കി ഹിറ്റാക്കിയതിനു പിന്നാലെ കൂടുതൽ എസി ഡബിൾ ഡെക്കറുകളുമായി ബെസ്റ്റ്. പുതിയതായി 4 ബസുകൾ കൂടി എത്തിയതോടെ ബെസ്റ്റിന്റെ ഉടമസ്ഥതയിലുള്ള എസി ഡബിൾ ഡെക്കറുകളുടെ എണ്ണം 6 ആയി ഉയർന്നു. ഈ വർഷം തന്നെ 194 ബസുകൾ കൂടി നിരത്തിലിറങ്ങും. നഗരത്തിൽ സർവീസ് നടത്തുന്ന 38 ഡബിൾ ഡെക്കർ ബസുകളിൽ രണ്ടെണ്ണം മാത്രമായിരുന്നു എസി ഡബിൾ ഡെക്കറുകൾ. ബാക്കിയുള്ളവ നോൺ എസി ബസുകളാണ്.
ഏപ്രിൽ മാസത്തോടെ 20 എസി ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകൾ നിരത്തിൽ ഇറങ്ങുമെന്നായിരുന്നു ഫെബ്രുവരിയിൽ അധികൃതർ പറഞ്ഞത്. ഫെബ്രുവരി 14നാണ് ഇത്തരത്തിലുള്ള ആദ്യ ബസ് ഓടിത്തുടങ്ങിയത്. പിന്നാലെ രണ്ടാമത്തെ ബസും പുറത്തിറക്കിയെങ്കിലും പിന്നീട് അനക്കമില്ലെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് 4 ബസുകൾ കൂടി എത്തിയത്.കുർളയിലും അനിക് ഡിപ്പോയിലുമായാണ് പുതിയതായി എത്തിയ ബസുകൾക്കുള്ള സ്ഥലം അനുവദിച്ചിരിക്കുന്നത്. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ബസിന്റെ റൂട്ട് സംബന്ധിച്ച് അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.
സൂപ്പർസ്മാർട് ബസ്
വൃത്തിയുള്ള സുരക്ഷിത നഗരയാത്ര എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള സ്മാർട്ട് ബസുകൾ ബെസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് ബസായതിനാൽ മലിനീകരണവും കുറവാണ്. ഒരേസമയം 90 പേർക്ക് ബസിൽ യാത്ര ചെയ്യാം.ഡിജിറ്റൽ ടിക്കറ്റ് മാത്രമാണ് ബസിലുള്ളത്. ചലോ ആപ്പ് വഴിയോ ചലോ സ്മാർട്ട് കാർഡ് വഴിയോ മാത്രമേ ടിക്കറ്റെടുക്കാനാകൂ.
യാത്ര ചെയ്യേണ്ടത് എങ്ങോട്ടാണെന്ന് ആപ്പിൽ തിരഞ്ഞെടുത്ത ശേഷം മൊബൈൽ ഫോൺ ബസിന്റെ മുൻഭാഗത്തുള്ള വാതിലിന് സമീപത്തെ ഉപകരണത്തിൽ കാണിക്കണം. ബസിൽ നിന്ന് ഇറങ്ങുമ്പോൾ പിൻവശത്തെ വാതിലിൽ ഘടിപ്പിച്ച ഉപകരണത്തിൽ മൊബൈൽ കാണിക്കുന്നതോടെ ഇ-വാലറ്റിൽനിന്ന് ടിക്കറ്റ് നിരക്ക് എടുക്കും. ടാപ് ഇൻ ടാപ് ഔട്ട് സൗകര്യങ്ങൾക്കായി പ്രത്യേക മെഷിനുകളാണ് ഇ–ബസുകളിൽ ക്രമീകരിച്ചിരിക്കുന്നത്.