മനംനിറച്ച് സ്വാതന്ത്ര്യത്തിന്റെ ത്രിവർണത്തിളക്കം
Mail This Article
മുംബൈ ∙ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ഓർമപുതുക്കി നഗരം. നിയമസഭാങ്കണത്തിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ദേശീയപതാക ഉയർത്തി.സർക്കാരിന്റെ ഔദ്യോഗിക പരിപാടികൾക്ക് പുറമേ വിവിധ ഹൗസിങ് സൊസൈറ്റികളും സംഘടനകളും രാഷ്ട്രീയപാർട്ടികളും ആവേശത്തോടെയാണ് സ്വാതന്ത്ര്യദിനത്തെ വരവേറ്റത്.സ്കൂളുകളിലും സർക്കാർ ഓഫിസുകളിലും വിവിധ സ്ഥാപനങ്ങളിലും ത്രിവർണപതാകകൾ ഉയർത്തുകയും ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു. മധുരപലഹാരങ്ങളും വിതരണം ചെയ്തു.
വിവിധ മലയാളി സംഘടനകൾ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രസംഗമത്സരങ്ങളും ദേശഭക്തിഗാന മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങളും നൽകി. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾ മികച്ച വിലക്കിഴിവുകൾ നൽകുകയും ചെയ്തു. സിഎസ്എംടി റെയിൽവേ സ്റ്റേഷനിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രത്യേക സെൽഫി പോയിന്റും തയാറാക്കിയിരുന്നു.
ബോംബെ കേരള മുസ്‌ലിം ജമാഅത്ത്
ബോംബെ കേരള മുസ്‌ലിം ജമാഅത്ത് വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് വി.എ.ഖാദർ ഹാജി ദേശീയപതാക ഉയർത്തി. കെ.പി.മൊയ്‌ദുണ്ണി, വി.കെ.സൈനുദ്ദീൻ, വാക്മാൻ മഹമൂദ് ഹാജി, ഹനീഫ കോബനൂർ, ഹംസ , സി.എച്ച്.അബ്ദുൾ റഹ്മാൻ, അസീസ് മാണിയൂർ, ടി.വി.കെ.അബ്ദുള്ള, ഫസലുറഹ്മാൻ,സിഎം ഉമ്മർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.