ADVERTISEMENT

മുംബൈ ∙ പൊന്നിൽ നിക്ഷേപിക്കണോ മണ്ണിൽ നിക്ഷേപിക്കണോ എന്ന ചോദ്യം ഉയർന്നാൽ നഗരവാസികൾ മണ്ണിൽ നിക്ഷേപിക്കാമെന്ന് പറയും. ചുരുങ്ങിയത് ഒരു ഗ്രാം സ്വർണത്തേക്കാൾ വിലയുണ്ട് മഹാനഗരത്തിലെ ഒരു ചതുരശ്രയടി മണ്ണിന്. ചിലയിടങ്ങളിൽ അത് ഒരു പവന്റെ വിലയെ മറികടക്കും. സിംഗപ്പൂർ, ബഹ്റൈൻ തുടങ്ങിയ 40 രാജ്യങ്ങളെക്കാൾ വലുപ്പമുണ്ട് മുംബൈ നഗരത്തിന്. എന്നാൽ, വികസനത്തിന്റെ കാര്യത്തിൽ ജനസാന്ദ്രതയും സ്ഥലലഭ്യതക്കുറവും നഗരത്തിന് വെല്ലുവിളി തീർക്കുന്നു. 

ഇൗ പരിമിതിയാണ് കടലിലേക്കു കാൽനീട്ടാനും ഭൂമിക്കടിയിൽ തുരങ്കപാതകളിലേക്കു നീങ്ങാനുമുള്ള കാരണം. മാറുന്ന കാലത്തിന്റെ വേഗത്തിനൊപ്പം മഹാനഗരത്തെയും മാറ്റിയെടുക്കാൻ ഒട്ടേറെ പദ്ധതികളാണ് നഗരവികസന ഏജൻസികളായ മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റിയും (എംഎംആർഡിഎ) സിഡ്കോയും ആസൂത്രണം ചെയ്യുന്നത്. 2030ന് അകം നഗരം അടിമുടി മാറുമെന്നാണ് അധികൃതരുടെ അവകാശവാദം. 

മുംബൈ, നവിമുംബൈ, എന്നിവയ്ക്കൊപ്പം നവിമുംബൈയോടു ചേർന്നു മൂന്നാം മുംബൈ കൂടി വരുന്നതോടെ നഗരം ‘വേറെ ലെവലാകും’. സ്ഥലപരിമിതി കണക്കിലെടുത്ത് ഭൂമിക്കടിയിൽ പാതകളും ഡൽഹി പാലികാ ബസാറിന്റെ മാതൃകയിൽ ചെറുമാർക്കറ്റുകളും നിർമിക്കാൻ പദ്ധതിയുണ്ട്. കേരളത്തിനുൾപ്പെടെ മാതൃകയാക്കാവുന്ന വികസന പ്രവർത്തനമാണിത്. പലപ്പോഴും അടിസ്ഥാനസൗകര്യ വികസനത്തിലെ പല പ്രശ്നങ്ങൾക്കും കാരണം ഭൂമിക്ക് മുകളിലേക്ക് മാത്രം നോക്കുന്നതാണ്. വിദേശരാജ്യങ്ങളിലേതു പോലെ ഭൂമിക്കടിയിലെ സാധ്യതകൾക്കൂടി പരിശോധിച്ചാൽ മിക്ക പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകും.

എംഎംആർഡിഎ ബജറ്റ്  39,453 കോടിയുടേത്
9 മുനിസിപ്പൽ കോർപറേഷനുകളുടെ ചുമതലയുള്ള എംഎംആർഡിഎ 39,453 കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ചെലവായി കണക്കാക്കിയരിക്കുന്നത് 46,921 കോടി രൂപയാണ്. അതിനിടെയാണ് സർക്കാർ വലിയ രീതിയിൽ വായ്പയെടുക്കാനുള്ള അനുമതിയും നൽകിയിരിക്കുന്നത്.

എംഎംആർഡിഎയുടെ നഗരവികസനപദ്ധതികൾക്ക് സർക്കാർ വലിയ പിന്തുണയാണ് നൽകുന്നത്. നിലവിൽ നഗരത്തിനുള്ളിലും പുറത്തുമായി നടക്കുന്ന വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ മുംബൈയുടെ മുഖഛായ മാറും. ഇതിനകം, 20,000 കോടി രൂപയുടെ മെട്രോ നിർമാണം എംഎംആർഡിഎ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനൊപ്പം ഉദ്ഘാടനത്തിന് തയാറായിക്കൊണ്ടിരിക്കുന്ന മറ്റ് പദ്ധതികളുമുണ്ട്.

33 കിലോമീറ്റർ മെട്രോ പാത ഇൗ വർഷം തുറക്കാനാണ് പദ്ധതി. മറ്റ് 14 മെട്രോ പാതകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇവ പൂർത്തിയാകുന്നതോടെ 337 കിലോമീറ്ററുള്ള വലിയ മെട്രോ ശൃംഖല നഗരത്തിന് ലഭിക്കും. ഇതിനൊപ്പം നേരത്തേ ഉദ്ഘാടനം നടത്തിയ മെട്രോ 1, മെട്രോ 2എ, 7 പാതകൾക്കൂടി കണക്കിലെടുക്കുമ്പോൾ 5 വർഷംകൊണ്ട് 450 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന മെട്രോ ശൃംഖല നഗരത്തിൽ സജ്ജമാകുമെന്നാണ് പ്രതീക്ഷ. 

താനെ–ബോറിവ്‌ലി ഇരട്ടതുരങ്കപാത, ഓറഞ്ച് ഗേറ്റ് മുതൽ മറൈൻ ഡ്രൈവ് വരെയുള്ള തുരങ്കപാത, മുംബൈ തീരദേശ റോഡുമായി ബന്ധിപ്പിക്കുന്ന താനെ തീരദേശപാത എന്നിങ്ങനെ ഒട്ടേറെ പദ്ധതികളും പുരോഗമിക്കുകയാണ്. അടിസ്ഥാനസൗകര്യ വികസനത്തിനൊപ്പം കൂടുതൽ വേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സഹായിക്കുന്ന യാത്രാസൗകര്യങ്ങളും ഭാവി മുംബൈയിലുണ്ടാകും. നിർദിഷ്ട നവിമുംബൈ വിമാനത്താവളം പൂർത്തിയാകുന്നതോടെ വലിയ മാറ്റങ്ങളാണ് നഗരത്തെ കാത്തിരിക്കുന്നത്. (നാളെ: ചിറക് വിടർത്തുന്ന മൂന്നാം മുംബൈ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com