ADVERTISEMENT

മുംബൈ ∙ ഇന്നലെയും തുടർന്ന കനത്ത മഴയിൽ മുംബൈയിലെയും സമീപമേഖലകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയതോടെ ജനം ദുരിതത്തിലായി. വെള്ളക്കെട്ട് റോഡ് ഗതാഗതത്തെ ബാധിച്ചു. ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. സിഗ്‌നൽ തകരാറിനെത്തുടർന്ന്, മെയിൻ ലൈനിലെ കല്യാൺ–ഠാക്കുർളി സ്റ്റേഷനുകൾക്കിടെ രാവിലെ ഗതാഗതം തടസ്സപ്പെട്ടത് ഓഫിസ് യാത്രക്കാരെ വലച്ചു. പിന്നീട് പ്രശ്നം പരിഹരിച്ചു. ഹാർബർ ലൈനിലും വെസ്റ്റേൺ ലൈനിലും ലോക്കൽ ട്രെയിനുകൾ ചെറിയ തോതിൽ വൈകി.

തുടർച്ചയായി മൂന്നാം ദിവസവും ശക്തമായ മഴ പെയ്തതോടെ മുംബൈയിൽ ദേശീയ ദുരന്ത നിവാരണ സേനാ മൂന്നു സംഘങ്ങളെ വിന്യസിച്ചു. ഇന്നലെ രാവിലെ 8 വരെ 24 മണിക്കൂറിനിടെ നഗരത്തിൽ ചില പ്രദേശങ്ങളിൽ 200 മില്ലിമീറ്റർ മഴയാണു പെയ്തത്. ചില പ്രദേശങ്ങളിൽ ഇന്നലെ രാവിലെ ഒരു മണിക്കൂറിനിടെ 34 മില്ലിമീറ്റർ മഴ പെയ്തു. ഉച്ചയ്ക്ക് ഒന്നിന്, നാലര മീറ്റർ വരെ ഉയരത്തിൽ തിരമാല ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന പ്രവചനവും ആശങ്കയ്ക്കു കാരണമായി. മഴ ശക്തമായി തുടരുന്നതിനിടെ വേലിയേറ്റവുമുണ്ടായാൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് കോർപറേഷൻ ജാഗ്രതാ നിർദേശം നൽകിയിരുന്നു.

കൊങ്കൺ, നാഗ്പുർ ഉൾപ്പെടുന്ന വിദർഭ മേഖലകളിലും കനത്ത മഴ തുടർന്നു. താനെ, ഘാട്കോപ്പർ, പവയ്, വസായ്, മഹാഡ് (റായ്ഗഡ്), ഖേഡ്, ചിപ്ലുൺ (രത്നാഗിരി), കുഡാൽ (സിന്ധുദുർഗ്), കോലാപുർ, സാംഗ്ലി, സത്താറ (പശ്ചിമ മഹാരാഷ്ട്ര) എന്നിവിടങ്ങളിലും എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ റായ്ഗഡ്, നാഗ്പുർ, ഭണ്ഡാര, ഗോണ്ടിയ, ചന്ദ്രാപുർ, ഗഡ്ചിറോളി ജില്ലകളിലെ സ്കൂളുകൾക്കു സർക്കാർ അവധി നൽകി. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ വീടിനു പുറത്തിറങ്ങാവൂ എന്ന് ഇൗ മേഖലയിലുള്ളവരോട് സർക്കാർ നിർദേശിച്ചു.

വെള്ളിയാഴ്ച മുതൽ വിദർഭ മേഖലയിൽ പല ജില്ലകളിലും പേമാരി തുടരുകയാണ്. നാഗ്പുർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ ശനിയാഴ്ച തന്നെ വെള്ളത്തിനടിയിലായിരുന്നു. പാൽഘർ ജില്ലയിലെ ഗ്രാമീണരും ദുരിതത്തിലായി. നദികൾ കരകവിഞ്ഞതിനെ തുടർന്ന് കിഴക്കൻ മേഖലയിലെ ഒട്ടേറെ ഗ്രാമങ്ങളും ഒറ്റപ്പെട്ടു. പലയിടത്തും മരങ്ങൾ കടപുഴകി. വൻ തോതിൽ കൃഷിനാശവുമുണ്ടായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com