ADVERTISEMENT

മുംബൈ ∙ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ അവഗണിച്ച് വാഡ്‌വൻ തുറമുഖ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. മുംബൈയിൽ നിന്ന് 150 കിലോമീറ്റർ അകലെ മഹാരാഷ്ട്രയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ ഗുജറാത്തിന് തൊട്ടടുത്ത് ഡഹാണു താലൂക്കിലെ വാഡ്‌വനിലാണ് തുറമുഖം നിർമിക്കുക. 

നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും ആഴമേറിയ തുറമുഖങ്ങളിലൊന്നാകുമിത്. കൂറ്റൻ ചരക്കുകപ്പലുകൾ ഉൾപ്പെടെ ഇവിടേക്ക് എത്തുന്നതോടെ ലോജിസ്റ്റിക്സ് രംഗത്തും വലിയ കുതിച്ചുചാട്ടമുണ്ടാകും. പാൽഘർ ജില്ലയുടെ വികസനക്കുതിപ്പിന് പദ്ധതി നിർണായകമാകുമെന്നാണ് വിലയിരുത്തൽ. മഹാരാഷ്്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്കും പ്രയോജനകരമാകുന്ന പദ്ധതിയാണിത്.

മുടക്കുമുതൽ 76,200 കോടി
മൂന്നാം മോദി മന്ത്രിസഭയുടെ ആദ്യയോഗത്തിലാണ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. 76,200 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ വാഡ്‌വനിലേക്ക് സമീപന റോഡുകളും ദേശീയപാതയും നിർമിക്കും. അതിനൊപ്പം, റെയിൽപാതയും പദ്ധതി പ്രദേശത്തേക്ക് നീട്ടും. ഡഹാണു കടൽത്തീരത്ത് നിന്ന് 4.5 നോട്ടിക്കൽ മൈൽ ദൂരെയാണ് തുറമുഖം നിർമിക്കുക. ഒരു കിലോമീറ്റർ നീളമുള്ള 9 കണ്ടെയ്നർ ടെർമിനലുകൾ, ലിക്വിഡ് കാർഗോ കൈകാര്യം ചെയ്യുന്നതിനുള്ള ബർത്തുകൾ, കോസ്റ്റൽ ഗാർഡിനുള്ള പ്രത്യേക ബെർത്തുകൾ, മറ്റ് 4 ബർത്തുകൾ എന്നിവയൊരുക്കും. ജവാഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് (ജെഎൻപിടി) 74 ശതമാനവും മഹാരാഷ്ട്ര മാരിടൈം ബോർഡ് 26 ശതമാനവും പങ്കാളിത്തം വഹിക്കുന്ന വാഡ്‌വൻ പോർട്ട് പ്രൊജക്ട് ലിമിറ്റഡ് എന്ന സംരംഭമാണ് തുറമുഖ നിർമാണ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയെ ലോകത്തെ ഏറ്റവും മികച്ച 10 തുറമുഖങ്ങളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യം.

10 വർഷം; 12 ലക്ഷം തൊഴിലവസരം
തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ 10 വർഷത്തിനകം 12 ലക്ഷം തൊഴിലവസരം പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. പാൽഘർ ജില്ലയിലെയും ഗുജറാത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെയും വികസനമുന്നേറ്റത്തിനും പദ്ധതി സഹായകമാകും.

പ്രതിഷേധം ശക്തമാക്കി മത്സ്യത്തൊഴിലാളികൾ
∙പാൽഘർ ജില്ലയിലെ മത്സ്യത്തൊഴിലാളികൾ വലിയ പ്രതിഷേധമാണ് തുറമുഖ നിർമാണത്തിനെതിരെ ഉയർത്തുന്നത്. ഭയന്ദറിലെ ഉത്തൻ, പാൽഘറിലെ വസായ്, നയ്ഗാവ്, അർണാല, സാത്പാട്ടി, ഡഹാണു തീരപ്രദേശങ്ങളിലെ ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളെ തുറമുഖം പ്രതിസന്ധിയിലാക്കുമെന്നതാണ് ഇവരുടെ ആശങ്ക. ആവോലി, നെയ്മീൻ, ചൂര, അയല തുടങ്ങിയ മത്സ്യങ്ങൾ ധാരാളമുള്ള ഗോൾഡൻ ബെൽറ്റ് എന്നറിയപ്പെടുന്ന മേഖലയിൽ തുറമുഖം നിർമിച്ചാൽ അത് തങ്ങളുടെ ഉപജീവനത്തിനാണ് ഭീഷണിയാകുകയെന്നും പ്രതിഷേധക്കാർ പറയുന്നുണ്ട്. പരിസ്ഥിതി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. 

2023 ജൂലൈ 31നാണ് ഡഹാണു താലൂക്ക് പരിസ്ഥിതി സംരക്ഷണ അതോറിറ്റി പദ്ധതിക്ക് അനുമതി നൽകിയത്. അതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജി 2024 ഏപ്രിൽ 18ന് ഹൈക്കോടതി തള്ളിയതോടെയാണ് പദ്ധതി സജീവമായത്.

സവിശേഷതകൾ
∙ 18 മുതൽ 20 മീറ്റർ വരെ സ്വാഭാവിക ആഴം.
∙ 24,000 കണ്ടെയ്നർ ശേഷിയിൽ കൂടുതലുള്ള കപ്പലുകൾക്ക് നങ്കൂരമിടാം.

English Summary:

This article reports on the laying of the foundation stone for the Vadhavan Port project by PM Modi amidst protests from local fishermen.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com