ADVERTISEMENT

മുംബൈ∙ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം അന്ധേരിക്കടുത്ത് ആരേ കോളനിയിൽ നിന്ന് ബാന്ദ്ര–കുർള കോംപ്ലക്സിലേക്കുള്ള (ബികെസി) ഭൂഗർഭ മെട്രോ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെ സംസ്ഥാനത്ത് പതിനായിരക്കണക്കിനു കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ് നടത്തുന്നത്. ഇതിൽ താനെ ഇന്റഗ്രൽ റിങ് മെട്രോ, താനെ മുനിസിപ്പൽ കോർപറേഷന്റെ പുതിയ മന്ദിരം, നവിമുംബൈ മേഖലയുടെ ചിത്രമാകെ മാറ്റുന്ന 2550 കോടി രൂപയുടെ നൈന പദ്ധതികളുടെ ഭൂമിപൂജ, ബഞ്ജാര സമുദായത്തിന്റെ പൈതൃകം ഉൾക്കൊള്ളുന്ന മ്യൂസിയം എന്നിവ ഉൾപ്പെടും. 

രാവിലെ 11.30ന് വിദർഭയിലെ വാഷിമിൽ 23300 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് പ്രധാനമന്ത്രി  താനെയിലും മുംബൈയിലുമെത്തുന്നത്. കനത്ത സുരക്ഷയാണ് മഹാനഗരത്തിൽ ; ഗതാഗത നിയന്ത്രണവുമുണ്ട്

13 വർഷത്തെ കാത്തിരിപ്പിന് വിരാമം
അന്ധേരിക്കടുത്ത് ആരേ കോളനിയിൽ നിന്നു ബാന്ദ്രാ–കുർള കോംപ്ലക്സിലേക്ക് (ബികെസി) മെട്രോ സർവീസ് തുറക്കുന്നതോടെ നഗരവാസികളുടെ 13 വർഷത്തെ കാത്തിരിപ്പാണ് പൂവണിയുന്നത്. നാളെയാണ് പാത യാത്രക്കാർക്കായി തുറന്ന് കൊടുക്കുക. ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം  പ്രധാനമന്ത്രി ബികെസി–സാന്താക്രൂസ് സ്റ്റേഷനുകൾക്കിടയിൽ  യാത്ര ചെയ്യും. മുംബൈ നഗരത്തിലെ ആദ്യ ഭൂഗർഭ മെട്രോപാതയാണ് മെട്രോ 3. അക്വാലൈൻ എന്നും പേരുള്ള പദ്ധതിക്ക് 2011ൽ ആണ് അനുമതി നൽകിയത്. അന്ന് 23000 കോടി രൂപയായിരുന്ന ബജറ്റെങ്കിലും പിന്നീടത് 37000 കോടിയായി ഉയർന്നു. ജപ്പാൻ ഇന്റർനാഷനൽ കോർപറേഷൻ ഏജൻസിയുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കുന്നത്. 

കുറഞ്ഞ നിരക്ക് 10 രൂപ
10 രൂപയാണ് ഇൗ പാതയിലെ കുറഞ്ഞ് നിരക്ക്, കൂടിയ നിരക്ക് 50 രൂപയും. ആരേ മുതൽ ബികെസി വരെ 12.44 കിലോമീറ്ററിലുള്ള മെട്രോപാതയാണ് തുറക്കുന്നത്. ഇൗ പാത ബികെസിൽ നിന്നു കൊളാബയിലേക്ക് നീട്ടുന്ന രണ്ടാംഘട്ടം മേയിൽ തുറക്കും. അതോടെ, മെട്രോ മൂന്ന് പാതയുടെ ദൈർഘ്യം 33.5 കിലോമീറ്ററായി മാറും. ദക്ഷിണ മുംബൈയിൽ നിന്ന് പശ്ചിമ മുംബൈയിലേക്കുള്ള ഏറ്റവും സൗകര്യപ്രദമായ യാത്രാമാർഗമായും മെട്രോ മാറും.   33.5 കിലോമീറ്ററും മെട്രോ പ്രവർത്തന സജ്ജമാകുമ്പോൾ പരമാവധി നിരക്കായി നിശ്ചയിച്ചിരിക്കുന്നത് 70 രൂപയാണ്. ആദ്യഘട്ടത്തിൽ 10, രണ്ടാംഘട്ടത്തിൽ 17 അടക്കം 27 സ്റ്റേഷനുകളാകും പൂർണപാതയിലുണ്ടാകുക. 

ആദ്യഘട്ടത്തിലെ സ്റ്റേഷനുകൾ
∙ ആരേ കോളനി, അന്ധേരി സീപ്സ്, എംഐഡിസി, മരോൾ നാക്ക, ഇന്റർനാഷനൽ എയർപോർട്ട്, സഹാർ , സാന്താക്രൂസ് ഡൊമസ്റ്റിക് എയർപോർട്ട്, വിദ്യാനഗരി, ബികെസി. രാജ്യാന്തര, ആഭ്യന്തര വിമാനത്താവളങ്ങളിൽ മെട്രോയിൽ ചെന്ന് ഇറങ്ങാമെന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. 

ബഞ്ജാര പൈതൃകമ്യൂസിയം
രാവിലെ 11.30ന് ബഞ്ജാര സമുദായത്തിന്റെ  പൈതൃകം വിളിച്ചോതുന്ന മ്യൂസിയം പ്രധാനമന്ത്രി തുറക്കും. അതിന് ശേഷം 23300 കോടി രൂപയുടെ  വിവിധ പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. പിഎം കിസാൻ സമ്മാൻ നിധിയുടെ 18–ാം ഗഡുവിന്റെ വിതരണോദ്ഘാടനവും നടത്തും. രാജ്യത്തെ 9.4 കോടി കർഷകർക്കായി 20,000 കോടി രൂപയാണ് കൈമാറുക. 

12800 കോടിയുടെ ഇന്റഗ്രൽ മെട്രോ
താനെ ഇന്റഗ്രൽ റിങ് മെട്രോ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിക്കും. ഇതുൾപ്പെടെ 32800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് അവിടെ വച്ചു നടത്തുകയെന്ന് സർക്കാർ പറഞ്ഞു.  റിങ് മെട്രോ പദ്ധതിക്ക് 12800 കോടി രൂപയാണ് െചലവ്. 29 കിലോമീറ്ററുള്ള മെട്രോയിൽ രണ്ട് ഭൂഗർഭ സ്റ്റേഷനുകൾ ഉൾപ്പെടെ 20 സ്റ്റേഷനുകളാണ് ക്രമീകരിക്കുന്നത്.ഇൗസ്റ്റേൺ ഫ്രീവേ ചെഡാനഗറിൽ നിന്ന് താനെ അനന്ദ് നഗർ വരെ നീട്ടുന്ന എലിവേറ്റഡ് പാതയുടെ ശിലാസ്ഥാപനവും നടത്തും. 3310 കോടി രൂപയാണ് പദ്ധതിച്ചെലവ്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ തട്ടകമായ താനെയിൽ 700 കോടി രൂപ ചെലവ് വരുന്ന പുതിയ മുനിസിപ്പൽ കോർപറേഷൻ മന്ദിര ശിലാസ്ഥാപനവും നിർവഹിക്കും.

വികസന പദ്ധതികൾ വോട്ടാകുമോ?
ഓഗസ്റ്റ് 30 ന് വാഡ്‌വൻ തുറമുഖത്തിന്റെ ശിലാസ്ഥാപനം നടത്തിയ  പ്രധാനമന്ത്രി പിന്നീട് അമരാവതിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായെത്തിയിരുന്നു. പുണെയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തുമെന്നറിയിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് ഓൺലൈനായാണ് ഉദ്ഘാടനം നടത്തിയത്. മെട്രോ പദ്ധതികളുടെ ഉദ്ഘാടനത്തോടെ സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്കും പ്രവേശിക്കും. വികസനപദ്ധതികൾ  നേട്ടമായി കാണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി വീണ്ടുമെത്തുന്നത്.

2550 കോടിയുടെ നൈന പദ്ധതി
നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തിന്റെ ചുറ്റളവിൽ  പുതിയ താമസ മേഖലകളും റോഡുകളും ഫ്ലൈഓവറുകളും, പാലങ്ങളും,  നടപ്പാതകളും നിർമിക്കുന്നതിന് ഭൂമിപൂജ നടത്തും. 2550 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

English Summary:

Marking a major milestone in Mumbai's infrastructure development, Prime Minister Narendra Modi inaugurates the underground metro service from Aarey Colony to Bandra-Kurla Complex. This significant event comes just a month before the Assembly elections, highlighting the government's focus on enhancing connectivity and driving progress in the state.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com