പുലർച്ചെ മൂടൽമഞ്ഞുള്ള കാലാവസ്ഥ; വായുനിലവാരം മോശമാകുന്നു
Mail This Article
മുംബൈ∙ മഴ മാറി, പുലർച്ചെ മൂടൽമഞ്ഞുള്ള കാലാവസ്ഥ എത്തിയതോടെ വായുനിലവാരം മോശമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ, ബാന്ദ്ര, വഡാല, ബികെസി, കാന്തിവ്‌ലി, മലാഡ് തുടങ്ങിയ ഇടങ്ങളിൽ വായുനിലവാര സൂചിക 200ന് മുകളിലാണ് (മോശം) രേഖപ്പെടുത്തിയത്.
ചിലയിടങ്ങളിൽ 300ന് മുകളിലേക്കു വായുനില പോകുമെന്ന് മുന്നറിയിപ്പുണ്ട്. ദീപാവലിയോട് അനുബന്ധിച്ച് പടക്കങ്ങൾ പൊട്ടിക്കുന്നതും വായുനില മോശമാക്കുന്നു. അടുത്ത 48 മണിക്കൂറും മൂടൽ മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മാലിന്യം അടങ്ങിയ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ കെട്ടിക്കിടക്കാൻ ഇത് കാരണമാകും. കഴിഞ്ഞ വർഷം ഹൈക്കോടതി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടതോടെയാണ് വായുമലിനീകരണത്തിൽ അൽപമെങ്കിലും ആശ്വാസമുണ്ടായത്.
തിരഞ്ഞെടുപ്പിലും വിഷയം
ആസ്മ, അലർജി രോഗികളും മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെയുള്ളവർ വായുമലിനീകരണം മൂലം വലിയ ദുരിതം അനുഭവിക്കേണ്ടി വരുന്നു. അന്തരീക്ഷം മലിനമാക്കുന്ന നിർമാണപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ നടപടി വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവസ്യപ്പെടുന്നു. എല്ലാ രംഗത്തും മലിനീകരണം കുറയ്ക്കാൻ ചട്ടങ്ങൾ നിർബന്ധമാക്കണമെന്നും ഓരോ പൗരനും ലഭിക്കേണ്ട അവകാശമാണ് ശുദ്ധവായുവെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.