മെട്രോ വന്നാലും ലോക്കലിന്റെ തട്ട് താഴ്ന്നുതന്നെ
Mail This Article
മുംബൈ∙ യാത്രയ്ക്കായി ലോക്കൽ ട്രെയിൻ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച് കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ ഓഗസ്റ്റിലും സെപ്റ്റംബറിലും പ്രതിദിനം ശരാശരി 70 ലക്ഷത്തിലേറെ പേരാണ് വെസ്റ്റേൺ ലൈൻ, മെയിൻ ലൈൻ, ഹാർബർലൈൻ എന്നിവയിൽ യാത്ര ചെയ്തത്.ബികെസി മുതൽ ആരേ കോളനി വരെയുള്ള ഭൂഗർഭ മെട്രോ അടക്കം 4 മെട്രോ ലൈനുകളാണ് നാല് വർഷത്തിനിടയിൽ പുതുതായി വന്നത്. എന്നിട്ടും ലോക്കൽ ട്രെയിനിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയത് മുംബൈയിലേക്കുള്ള കുടിയേറ്റം വർധിക്കുന്നതിന്റെ സൂചനയാണ്.യാത്രക്കാരുടെ എണ്ണം കൂടുമ്പോഴും പാതയിലും സ്റ്റേഷനുകളിലും ആനുപാതികമായ സൗകര്യങ്ങൾ ഒരുക്കാത്തത് ബാന്ദ്ര ടെർമിനസിൽ ഉണ്ടായതുപോലെയുള്ള അപകടങ്ങൾക്കുള്ള പഴുതുകൾ അവശേഷിപ്പിക്കുന്നു.
തിരക്കുള്ള സ്റ്റേഷനുകൾ
സിഎസ്എംടിയും ചർച്ച്ഗേറ്റുമാണ് ഏറ്റവും കൂടുതൽ തിരക്കുള്ള സ്റ്റേഷനുകൾ. കൂടാതെ താനെ, കല്യാൺ, പൻവേൽ, ബോറിവ്‌ലി, വിരാർ, ഭായന്ദർ എന്നിവിടങ്ങളും തിരക്കുള്ള സ്റ്റേഷനുകളാണ്; പ്രതിദിനം 2 ലക്ഷത്തിലേറെ യാത്രക്കാർ ഇവിടെയെത്തുന്നു.
കൂടി, ടിക്കറ്റില്ലാ യാത്രയും
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടി. 20 ശതമാനത്തിലേറെയും ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ–സെപ്റ്റംബർ കാലയളവിൽ 22.70കോടി രൂപ പിഴ ഈടാക്കി. പശ്ചിമ റെയിൽവേയിൽ സെപ്റ്റംബറിൽ മാത്രം 8000 ടിക്കറ്റില്ലാ യാത്രക്കാർ പിടിയിലായി.