ബെസ്റ്റ് ജീവനക്കാർക്ക് ബോണസ് ഉടൻ; 80 കോടി അനുവദിച്ചു
Mail This Article
മുംബൈ∙ ബെസ്റ്റ് ബസ് തൊഴിലാളികൾക്ക് ദീപാവലി ബോണസ് ഉടൻ വിതരണം ചെയ്യുമെന്നും 80 കോടി രൂപ അനുവദിച്ചെന്നും കോർപറേഷൻ അറിയിച്ചു. ദീപാവലി ബോണസ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ മിന്നൽ പണിമുടക്കു നടത്തിയിരുന്നു. പരിഹരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നായിരുന്നു നിലപാട്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചാലേ ബോണസ് തുക തൊഴിലാളികളുടെ അക്കൗണ്ടിൽ ക്രെഡിറ്റാവൂ.
ബിഎംസിക്കു കീഴിൽ ജോലി ചെയ്യുന്ന മറ്റു വിഭാഗങ്ങളിലെ തൊഴിലാളികൾക്ക് പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപ് ബോണസായ 29000 രൂപ വിതരണം ചെയ്തിരുന്നു. ബെസ്റ്റ് തൊഴിലാളികളെ അവഗണിച്ചതോടെയാണ് ഇവർ സമരവുമായി രംഗത്തെത്തിയത്. 1970 മുതൽ ബെസ്റ്റ് തൊഴിലാളികൾക്കു ദീപാവലി ബോണസ് വിതരണം ചെയ്യുന്നുണ്ട്. 25,000ൽ ഏറെപ്പേരാണ് ബെസ്റ്റ് ബസ് വിഭാഗത്തിൽ ജോലി ചെയ്യുന്നത്. 33 ലക്ഷത്തോളം യാത്രക്കാർ ദിവസേന ബെസ്റ്റ് സർവീസിനെ ആശ്രയിക്കുന്നു.