ജെഎഎ പഠനറിപ്പോർട്ട് പറയുന്നു; ആരോഗ്യ– ചികിത്സാ മേഖല പോരാ, നിലവാരം ശരാശരിക്കും താഴെ
Mail This Article
മുംബൈ ∙ സംസ്ഥാനത്തെ ആരോഗ്യ–ചികിത്സാ മേഖലയുടെ നിലവാരം കുറയുന്നതായി ജൻ ആരോഗ്യ അഭിയാൻ (ജെഎഎ) പുറത്തുവിട്ട റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെയും വിദഗ്ധരുടെയും കൂട്ടായ്മയാണ് ജെഎഎ. ശരാശരിക്കു താഴെയാണ് ആരോഗ്യരംഗത്തെ സർക്കാർ സംവിധാനങ്ങളുടെ പ്രകടനം എന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
നൂറിൽ 23 പോയിന്റ് മാത്രമാണ് ആരോഗ്യമേഖലയ്ക്ക് ലഭിച്ചത്. സർക്കാർ ഫണ്ടിന്റെ അപര്യാപ്ത, ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ്, സർക്കാർ മെഡിക്കൽ കോളജുകളുടെ ശോച്യാവസ്ഥ, പൊതുജനാരോഗ്യരംഗത്തെ സ്വകാര്യവൽക്കരണം, മരുന്നുകളുടെ ലഭ്യതക്കുറവ് തുടങ്ങിയ ഒട്ടേറെ സൂചകങ്ങൾ വിശദ പരിശോധനയ്ക്കു വിധേയമാക്കിയാണ് ജെഎഎ റിപ്പോർട്ട് തയാറാക്കിയത്.
കഴിഞ്ഞ ബജറ്റിൽ 4.2% തുക മാത്രമാണ് ആരോഗ്യരംഗത്തിനായി മാറ്റിവച്ചിരുന്നത്. നഗരജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനത്തു നഗരകേന്ദ്രീകൃതമായി മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ഒരുക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. ഗ്രാമീണ മേഖലകളിലെ ആശുപത്രികളിൽ 61% വിദഗ്ധ ഡോക്ടർ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. പലയിടത്തും കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ചാണ് പ്രശ്നം പരിഹരിക്കുന്നത്. സംസ്ഥാനത്തെ സ്ത്രീകളിൽ അനീമിയയും കുട്ടികളിൽ പോഷകാഹാരക്കുറവും കൂടിയിട്ടും അതു പരിഹരിക്കാൻ അനുവദിക്കുന്ന ഫണ്ട് വർഷംതോറും സർക്കാർ വെട്ടിക്കുറയ്ക്കുകയാണ് ചെയ്യുന്നത്– റിപ്പോർട്ട് ചൂണ്ടിക്കാട്ടി.