ഒരു മാസം; 6 ലക്ഷം യാത്രക്കാർ; വിജയക്കുതിപ്പിൽ മെട്രോ 3
Mail This Article
മുംബൈ∙ ആരേ കോളനിയിൽ നിന്ന് ബാന്ദ്ര–കുർള കോംപ്ലക്സിലേക്ക് ആരംഭിച്ച മെട്രോ –3ൽ ഒരു മാസത്തിനിടെ യാത്രചെയ്തത് 6 ലക്ഷത്തിലധികം പേർ. ദിവസേന 20,000 ആളുകൾ മെട്രോയിൽ സഞ്ചരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നഗരഹൃദയത്തിലൂടെയുള്ള മെട്രോയെന്നതിനൊപ്പം പൂർണമായും ഭൂഗർഭപാതയാണിതെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ മാസം ഏഴിനും ഈ മാസം അഞ്ചിനും ഇടയിൽ 612,913 യാത്രക്കാരാണ് പാതയെ ആശ്രയിച്ചത്. 33 കിലോമീറ്ററിൽ 12.44 കിലോമീറ്റർ പാതയാണ് തുറന്നുകൊടുത്തത്. 10 സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്. രണ്ടാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ വലിയ വിജയമായി മെട്രോ 3 മാറുമെന്നാണ് വിലയിരുത്തുന്നത്. വെർസോവ– അന്ധേരി–
ഘാട്കോപ്പർ പാതയുമായി (മെട്രോ 1) ബന്ധിപ്പിക്കുന്ന മരോൾ നാക ബികെസി സ്റ്റേഷനുകൾക്കിടയിലാണ് കൂടുതൽ യാത്രക്കാരുള്ളത്. മെട്രോ ആരംഭിച്ചതിനു ശേഷമുള്ള ആദ്യ ഞായറാഴ്ച 27,000ൽ അധികം പേർ യാത്ര ചെയ്തു. മരോൾ നാക സ്റ്റേഷനിൽ നിന്ന് മാത്രം ദിവസേന 4000 യാത്രക്കാരുണ്ടെന്നും അധികൃതർ പറഞ്ഞു.
പാതയിൽ 9 ട്രെയിനുകൾ
മെട്രോ 3 പാതയിൽ 9 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ശരാശരി 7.30 മിനിറ്റ് ഇടവേളയിലാണ് ട്രെയിനുകൾ ക്രമീകരിച്ചിരിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ അത് 6.40 മിനിറ്റായി കുറയ്ക്കും. പ്രവൃത്തിദിനങ്ങളിൽ രാവിലെ 6.30 മുതൽ രാത്രി 10.30 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 8.30 മുതൽ രാത്രി 10.30വരെയുമാണ് സർവീസുകൾ.
സ്റ്റേഷനുകളിൽ കടകൾ തുറക്കാം
മെട്രോ സ്റ്റേഷനുകളിൽ കടകൾ ആരംഭിക്കുന്നതിന് കരാറുകൾ ക്ഷണിച്ചു. റീട്ടെയ്ൽ ഷോപ്പുകൾ ആരംഭിക്കുന്നതിനാണ് കരാർ നൽകുന്നത്.