ട്രെയിൻ യാത്രയ്ക്കിടെ 4 പേരെ ആർപിഎഫ് ഉദ്യോഗസ്ഥൻ വെടിവച്ച് കൊന്ന കേസ്: വിചാരണ തുടങ്ങി
Mail This Article
മുംബൈ ∙ ട്രെയിൻ യാത്രയ്ക്കിടെ സീനിയർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 4 പേരെ ആർപിഎഫ് ഉദ്യോഗസ്ഥൻ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിച്ചു. വെടിവയ്പിന് ഉപയോഗിച്ച ആയുധം, സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന ഒന്നാം സാക്ഷിയായ ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അകോലയിലെ ജയിലിൽ കഴിയുന്ന പ്രതി ചേതൻ സിങ് ചൗധരിയുടെ മൊഴി റെക്കോർഡ് ചെയ്താണ് കോടതിയിൽ സമർപ്പിച്ചത്. സാങ്കേതിക തകരാർ കാരണം വിഡിയോ കോൺഫറൻസ് സാധ്യമായിരുന്നില്ല.
27നാണ് അടുത്ത വാദം കേൾക്കൽ. 2023 ജൂലൈ 31ന് പുലർച്ചെ 5നാണ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ടിക്കാറാം മീണയെയും 3 യാത്രക്കാരെയും ജയ്പുർ– മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ വച്ച് ചേതൻ സിങ് ചൗധരി വെടിവച്ച് കൊലപ്പെടുത്തിയത്. പാൽഘർ റെയിൽവേ സ്റ്റേഷനിലെത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമണം നടന്നത്. യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയ പിന്നാലെ കടന്നുകളയാൻ ശ്രമിച്ച ഇയാൾ തോക്ക് സഹിതം പിടിയിലാവുകയായിരുന്നു.