നടൻ ഷാറുഖ് ഖാനു ഭീഷണി സന്ദേശം: അഭിഭാഷകൻ അറസ്റ്റിൽ
Mail This Article
മുംബൈ ∙ 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ വകവരുത്തുമെന്നു നടൻ ഷാറുഖ് ഖാനു ഭീഷണിസന്ദേശം അയച്ച കേസിൽ ഛത്തീസ്ഗഡ് റായ്പുർ സ്വദേശിയായ അഭിഭാഷകൻ ഫയാസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിലുള്ള സിം കാർഡിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നു നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ, തന്റെ പക്കൽ നിന്ന് ഫോൺ മോഷണം പോയതാണെന്നും ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ടെന്നുമായിരുന്നു അഭിഭാഷകന്റെ മൊഴി. തുടർന്ന്, മുംബൈയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
അതിനിടെ, നടൻ സൽമാൻ ഖാന് വധഭീഷണി സന്ദേശം അയച്ച യുവാവും അറസ്റ്റിലായി. 5 കോടി രൂപ നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. കഴിഞ്ഞ 8നാണ് കേസിനാസ്പദമായ സംഭവം. മുംബൈ പൊലീസിന്റെ ട്രാഫിക് ഹെൽപ്‌ലൈനിലേക്കാണ് സന്ദേശമെത്തിയത്. ലോറൻസ് ബിഷ്ണോയ് സംഘാംഗമാണെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. സൽമാന്റെ റിലീസാകാനുള്ള സിനിമ ‘സിക്കന്ദ’റിലെ ഗാനരചയിതാവിനും യുവാവ് ഭീഷണിസന്ദേശം അയച്ചിരുന്നു.