മഴ വില്ലനായി; സവാള വില കുതിക്കുന്നു
Mail This Article
മുംബൈ∙ സമീപകാലത്ത് ഏറ്റവും ഉയർന്ന നിരക്കിലാണ് സവാളയുടെ ഹോൾസെയിൽ വില. ക്വിന്റലിന് 5500 രൂപയെന്ന നിലയിലാണ് ഇന്നലെ വ്യാപാരം നടന്നത്. കിലോയ്ക്ക് 55 രൂപ. രാജ്യത്തേറ്റവും വലിയ സവാള മൊത്തവ്യാപാര കേന്ദ്രമായ നാസിക്കിലെ ലാസൽഗാവ് മാർക്കറ്റിലെ വിലയാണിത്. കഴിഞ്ഞ മാസമാദ്യം കാലം തെറ്റിയെത്തിയ മഴയിലുണ്ടായ വിളനാശമാണ് വില കുത്തനെ കൂടാൻ കാരണമായതെന്നും കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നു. എത്തുന്ന സവാളയുടെ അളവ് അഞ്ചിലൊന്നായി കുറഞ്ഞു. ഗുണനിലവാരമുള്ള സവാളയ്ക്ക് ദൗർലഭ്യമുണ്ട്. കർഷകർക്ക് വില ലഭിക്കുന്ന ഘട്ടമാണെങ്കിലും കരുതൽ ശേഖരം അവരുടെ പക്കലുമില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്നാണ് സവാളയെത്തുന്നത്.
മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സവാള വില കൂടിയത് ഒരു വിഭാഗം കർഷകർക്ക് നേട്ടമാകുന്നുണ്ടെങ്കിലും സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റുന്ന വിധത്തിലാണ് വിലക്കയറ്റം. മുംബൈ–നവിമുംബൈ മേഖലകളിൽ ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 80–100 രൂപയാണ് ഒരു കിലോ സവാളയുടെ വില. വരും ദിവസങ്ങളിൽ ഇതുയർന്നേക്കും. ഡിസംബറോടെ മാത്രമേ അടുത്ത ഘട്ട വിളവെടുപ്പ് നടക്കൂവെന്നാണ് കർഷകർ പറയുന്നത്. അതുവരെ വില ഉയർന്ന് നിൽക്കാനുള്ള സാധ്യതയാണുള്ളത്. ഉള്ളിവില പിടിച്ച് നിർത്താനാകുമെന്നും സർക്കാരിന്റെ പക്കലുള്ള സ്റ്റോക്ക് വിവിധ സംസ്ഥാനങ്ങളിലേക്ക് ട്രെയിൻ മാർഗം എത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.