ഭൂഗർഭപാതയിൽ ട്രെയിൻ നിലയ്ക്കുന്നത് പതിവ്; കിതച്ച് മെട്രോ 3, ദുരിതയാത്ര
Mail This Article
മുംബൈ∙ അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും സാങ്കേതിക പ്രശ്നങ്ങളും മെട്രോ 3ന് വെല്ലുവിളി ഉയർത്തുന്നു. ആരേ കോളനിയിൽ നിന്നു ബാന്ദ്ര–കുർള കോംപ്ലക്സിലേക്ക് ആരംഭിച്ച മെട്രോ 3 ഒരു മാസം പിന്നിട്ടെങ്കിലും യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് യാതൊരു കുറവുമില്ല. ഭൂഗർഭപാതയിൽ സാങ്കേതികത്തകരാർ മൂലം ശനിയാഴ്ച മണിക്കൂറുകളോളം മെട്രോ മുടങ്ങിയതോടെ വെട്ടിലായത് ഒട്ടേറെപ്പേർ.
മരോൾ നാകയ്ക്കും ടെർമിനൽ ഒന്നിനും ഇടയിലാണ് ട്രെയിൻ നിലച്ചത്. ഉദ്ഘാടനശേഷം ഒട്ടേറെ തവണ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായെങ്കിലും ഇത്തവണ പ്രശ്നപരിഹാരത്തിന് ഒരു മണിക്കൂറിലേറെ സമയം എടുത്തത് യാത്രക്കാരെ കൂടുതൽ വലച്ചു. ഉദ്ഘാടനത്തിന് തൊട്ടടുത്ത ദിവസങ്ങളിൽ 30 മിനിറ്റിലേറെ സാങ്കേതികത്തകരാർ മൂലം ട്രെയിൻ മുടങ്ങിയിരുന്നു.
ഒരു മാസത്തിനിടെ 6 ലക്ഷത്തിലധികം പേർ ആശ്രയിച്ച പാതയിൽ അടിക്കടി സാങ്കേതികപ്രശ്നങ്ങൾ സംഭവിക്കുന്നത് യാത്രക്കാർ കുറയാനും ഇടയാക്കിയേക്കും. പൂർണമായും ഭൂഗർഭപാതയായ മെട്രോ–3ന്റെ ആദ്യഘട്ടം മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. 33 കിലോമീറ്റർ പാതയിലെ 12.44 കിലോമീറ്ററാണിത്.
കൂടുതൽ ശ്രദ്ധിക്കുമെന്ന് ഉറപ്പുനൽകി അധികൃതർ
യാത്രക്കാർ നേരിട്ട അസൗകര്യത്തിൽ മാപ്പുപറഞ്ഞ മുംബൈ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ്, ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്ന് ഉറപ്പുനൽകി. നഗരത്തിലെ ആദ്യ ഭൂഗർഭ മെട്രോയെന്ന നിലയിൽ ശ്രദ്ധ നേടിയ മെട്രോ 3 ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഏറെ ഉപകാരപ്പെട്ടിട്ടുണ്ട്.
പാത പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ നഗരത്തിന്റെ ഗതാഗതരീതിയിൽ തന്നെ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഭരണസിരാകേന്ദ്രങ്ങളെയും വാണിജ്യ സ്ഥാപനങ്ങളെയും കോർപറേറ്റ് സ്ഥാപനങ്ങളെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന പാത ലോക്കൽ ട്രെയിനിലെ തിരക്ക് കുറയ്ക്കുന്നതിനും വഴിതെളിക്കും.
പരിഹരിക്കാനുണ്ട്, മറ്റ് പ്രശ്നങ്ങളും
മെട്രോ–3 ആദ്യഘട്ടം പ്രവർത്തനസജ്ജമായെങ്കിലും അടിസ്ഥാനപ്രശ്നങ്ങളിൽ പലതിനും പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഓട്ടോ സ്റ്റാൻഡുകളിലേക്കും ബസ് സ്റ്റോപ്പുകളിലേക്കും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ് ഒട്ടേറെ യാത്രക്കാർ ഉന്നയിച്ച പ്രധാനപ്രശ്നം. പ്രവർത്തനം ആരംഭിച്ച 10 സ്റ്റേഷനുകളിൽ അഞ്ചിലും തുടർയാത്രാ സൗകര്യങ്ങൾ കുറവാണ്.