മണ്ഡലകാലത്തെ വരവേൽക്കാൻ മുംബൈയിലെ ക്ഷേത്രങ്ങൾ ഒരുങ്ങി
Mail This Article
മുംബൈ ∙ ഇനി ശരണം വിളികളുടെ മണ്ഡലകാലം. വ്രതശുദ്ധിയുടെ വൃശ്ചികമാസം എത്തിയതോടെ ആചാരാനുഷ്ഠാനങ്ങളോടെ, മണ്ഡലമാസത്തെ വരവേൽക്കാൻ മുംബൈയിലെയും നഗരപ്രാന്തങ്ങളിലെയും ക്ഷേത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. നാളെ മുതൽ മണ്ഡലകാലത്തോട് അനുബന്ധിച്ച് പ്രത്യേക പൂജകൾ നടക്കും. കേരളത്തിലേതിനു സമാനമായ രീതിയിലാണ് അമ്പലങ്ങളിൽ ഒരുക്കങ്ങൾ. മുംബൈ,നവിമുംബൈ, പുണെ, പാൽഘർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഒട്ടേറെ അയ്യപ്പക്ഷേത്രങ്ങളുണ്ട്.
ശബരിഗിരി ക്ഷേത്രം
വസായ് ∙ ശബരിഗിരി ക്ഷേത്രത്തിൽ നാളെ രാവിലെ 6.30 ന് അയ്യപ്പ അഖണ്ഡനാമ ജപ യജ്ഞത്തോടെ മണ്ഡലപൂജയ്ക്ക് തുടക്കമാകും. വൈകിട്ട് 6.30ന് സോപാന സംഗീതം. 6.45 ന് ദീപാരാധന, ചുറ്റുവിളക്ക്, ഭജന. എല്ലാ ദിവസവും വിശേഷാൽ പൂജകളും വഴിപാടുകളും ഉണ്ടാകും. ഭക്തി സാന്ദ്രമായ മറ്റു പരിപാടികളും പ്രത്യേക ദിനങ്ങളിൽ അന്നദാനവും നടത്തും.
മീരാറോഡ് അയ്യപ്പക്ഷേത്രം
മീരാറോഡ് ∙ അയ്യപ്പക്ഷേത്രത്തിൽ നാളെ മുതൽ മകരം ഒന്നുവരെ പ്രത്യേക പൂജകളും അഷ്ടാഭിഷേകം, നെയ്യഭിഷേകം, പ്രത്യേക പുഷ്പാഭിഷേകം എന്നിവയും നടത്തും. ക്ഷേത്രത്തിലെ പതിനെട്ടാംപടി കയറാൻ വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി എത്തണം. ഫോൺ. 9167766737.
താരാപ്പൂർ അയ്യപ്പ ഗണപതി ക്ഷേത്രം
ബോയ്സർ ∙ താരാപ്പൂർ അയ്യപ്പ ഗണപതി ക്ഷേത്രത്തിൽ നാളെ രാവിലെ ഗണപതി ഹോമം, ഭാഗവതപാരായണം. വൈകിട്ട് ചന്ദന ചാർത്ത്. ദീപാരാധനയ്ക്കു ശേഷം അന്നദാനം. എല്ലാ ദിവസവും വിശേഷാൽ പൂജകളും വഴിപാടുകളും ഉണ്ടായിരിക്കും.
പാൽഘർ അയ്യപ്പക്ഷേത്രം
പാൽഘർ ∙ അയ്യപ്പക്ഷേത്രത്തിൽ നാളെ രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ മണ്ഡലകാലത്തെ വരവേൽക്കും. 7.30 ന് ഉഷഃപൂജ. 9ന് കലശപൂജ, നവകം പഞ്ചഗവ്യം.10 ന് കലശാഭിഷേകം, നെയ്യഭിഷേകം, അഷ്ടാഭിഷേകം. വൈകിട്ട് 6.30ന് ഭഗവതിസേവയ്ക്ക് ശേഷം ശീവേലിയും വിഗ്രഹ എഴുന്നള്ളത്തും ദീപാരാധനയും തുടർന്ന് അന്നദാനവും ഭജനയും. അത്താഴപൂജയ്ക്കു ശേഷം നടയടയ്ക്കും.
നാലസൊപാര ചെറു ശബരിമല
നാലസൊപാര ∙ മലമുകളിലെ ചെറു ശബരിമല അയ്യപ്പക്ഷേത്രത്തിൽ നാളെ മുതൽ ഡിസംബർ 26 മണ്ഡല ചിറപ്പ് വരെ എല്ലാ ദിവസവും ഗണപതിഹോമവും ദീപാരാധനയും പ്രതിദിന പൂജയും വഴിപാടുകളും ഉണ്ടായിരിക്കും. 21 ന് വൈകിട്ട് 7ന് കോഴിക്കോട് ഡോ. പ്രശാന്ത് വർമയും സംഘവും നയിക്കുന്ന ‘മാനസജപലഹരി’ അവതരിപ്പിക്കും.
ആൽപനക്കാവ് ക്ഷേത്രം
സാക്കിനാക്ക ∙ ആൽപനക്കാവ് അയ്യപ്പ–ദുർഗാദേവി ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവം നാളെ ആരംഭിക്കും. ജനുവരി 14ന് മകരസംക്രാന്തിയോടെ സമാപിക്കും. നാളെ മഹാഗണപതി ഹോമം, അയ്യപ്പ ഭാഗവത പാരായണം, അഷ്ടാഭിഷേകം, ഭഗവതി സേവ എന്നിവ നടത്തും. എല്ലാദിവസവും ഉദയാസ്തമയ പൂജകളും എല്ലാ ഞായറാഴ്ചകളിലും അന്നദാനവും ഉണ്ടാകും. ഈ മാസം 17ന് ലക്ഷാർച്ചന, 23ന് ശബരിമല തീർഥയാത്ര, 27ന് പന്ത്രണ്ടുവിളക്ക്, ഡിസംബർ 13ന് കാർത്തികവിളക്ക്, 15ന് ക്ലാസിക്കൽ നൃത്തം, വൃശ്ചികം 1 മുതൽ 41 ദിവസം വിശേഷാൽ ശാസ്താപൂജ, ജനുവരി 14ന് താലപ്പൊലി, പള്ളിക്കെട്ട്, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ അയ്യപ്പ–ദുർഗാദേവി രഥഘോഷയാത്ര.